ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് സൂപ്പർ എയിറ്റ് പോരാട്ടത്തിൽ സിംബാബ്വെയെ തകർത്ത് ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കി (India vs Zimbabwe T20 WC 2026). ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികച്ചുനിന്ന ടീം ഇന്ത്യ 72 റൺസിന്റെ വിജയമാണ് ആഘോഷിച്ചത്. സൂപ്പർ എയിറ്റിലെ നിർണ്ണായക മത്സരത്തിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് എന്ന പടുകൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.
തുടക്കത്തിൽ തന്നെ സിംബാബ്വെ ബൗളർമാരെ കടന്നാക്രമിച്ച അഭിഷേക് ശർമ്മ 30 പന്തിൽ 55 റൺസ് നേടി ഇന്ത്യയ്ക്ക് തകർപ്പൻ അടിത്തറ നൽകി. അവസാനം വരെ ക്രീസിൽ നിന്ന ഹാർദിക് വെറും 23 പന്തിൽ പുറത്താവാതെ 50 റൺസെടുത്തു. 16 പന്തിൽ 44 റൺസുമായി തിലക് വർമ്മയും ബാറ്റിംഗിൽ മിന്നിച്ചു. ഇഷാൻ കിഷൻ (38), സൂര്യകുമാർ യാദവ് (33) എന്നിവരും റൺവേട്ടയിൽ പങ്കാളികളായി.
257 റൺസ് എന്ന ഹിമാലയൻ ലക്ഷ്യം പിന്തുടർന്ന സിംബാബ്വെയ്ക്കായി ബ്രയാൻ ബെന്നറ്റ് (58 പന്തിൽ 93*) വീരോചിതമായി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ അവർക്കായുള്ളൂ.
ഇന്ത്യയ്ക്കായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റുകൾ (3/24) വീഴ്ത്തി. വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഇന്ത്യയുടെ സെമി സാധ്യതകൾ
ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പിൽ തങ്ങളുടെ നില ഭദ്രമാക്കി. ഇനി വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന പോരാട്ടത്തിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് സെമി ഫൈനൽ ഉറപ്പിക്കാം.

