കോഴിക്കോട്: പാളയത്തെ ജയലക്ഷ്മി ടെക്സ്റ്റൈൽസിലുണ്ടായ വൻ തീപിടുത്തത്തിൽ വൻ നാശനഷ്ടം (Jayalakshmi Silks Fire Loss). വിവാഹ സീസണും വരാനിരിക്കുന്ന റംസാൻ, വിഷു ആഘോഷങ്ങളും പ്രമാണിച്ച് എത്തിച്ച കോടിക്കണക്കിന് രൂപയുടെ വസ്ത്രങ്ങൾ കത്തിനശിച്ചു. ഇന്നലെ രാത്രി ആരംഭിച്ച തീ ഇന്ന് പുലർച്ചയോടെയാണ് പൂർണ്ണമായും അണയ്ക്കാനായത്.
2023-ലെ തീപിടുത്തത്തിൽ നാല് കോടിയുടെ നഷ്ടം സംഭവിച്ചിരുന്നു. എന്നാൽ ഇത്തവണ വലിയ സ്റ്റോക്ക് ഉണ്ടായിരുന്നതിനാൽ നഷ്ടം ഇതിലും എത്രയോ മടങ്ങ് കൂടുതലായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.സ്ഥാപന ഉടമകളായ സഞ്ജയ് കമ്മത്ത്, ഗോവിന്ദ് കമ്മത്ത് എന്നിവർ ഇന്ന് കോഴിക്കോട്ടെത്തും. മാനേജ്‌മെന്റ് കണക്കുകൾ പരിശോധിച്ച ശേഷമേ കൃത്യമായ നഷ്ടം വെളിപ്പെടുത്തൂ.
വെഡ്ഡിംഗ് സെക്ഷനിലെ ഗോഡൗണിൽ നിന്നാണ് തീ പടർന്നത്. ഫയർ അലാറം മുഴങ്ങിയെങ്കിലും മറ്റ് സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചോ എന്നതിൽ വ്യക്തതയില്ല. ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം , ഒരേ സ്ഥാപനത്തിൽ അടിക്കടി തീപിടുത്തം ഉണ്ടാകുന്നത് സ്വാഭാവികമായും സംശയത്തിന് ഇടനൽകുന്നുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. ഇതിൽ വിദഗ്ധ പരിശോധന നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
പതിനായിരം ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന കെട്ടിടത്തിന്റെ മൂന്ന് നിലകളെയാണ് തീ ബാധിച്ചത്. സംഭവസമയത്ത് കൃത്യമായി ഇടപെട്ടതിനാൽ വലിയൊരു ദുരന്തവും ആളപായവും ഒഴിവാക്കാൻ സാധിച്ചു.



