ന്യൂഡൽഹി: തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ കടുത്ത ആക്രമണവുമായി ടി.വി.കെ അധ്യക്ഷൻ വിജയ് രംഗത്ത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പൂർണ്ണ അധികാരം ഉണ്ടായിരുന്നെങ്കിൽ തിരുനെൽവേലിയിൽ നടന്ന ടി.വി.കെയുടെ പരിപാടി അനുവദിക്കില്ലായിരുന്നുവെന്ന് വിജയ് പറഞ്ഞു. നിലവിൽ അധികാരമില്ലാത്ത ഒരു കാവൽ മുഖ്യമന്ത്രി മാത്രമാണ് സ്റ്റാലിനെന്നും വിജയ് പരിഹസിച്ചു.(Vijay targets ‘powerless’ Stalin, calls DMK bloc ‘cash-box alliance’)
ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിയെ ‘ക്യാഷ് ബോക്സ് സഖ്യം’ എന്നാണ് വിജയ് വിശേഷിപ്പിച്ചത്. അഴിമതിയിലൂടെ കൊള്ളയടിച്ച പണം ഉപയോഗിച്ചാണ് ഈ സഖ്യം കെട്ടിപ്പടുത്തിരിക്കുന്നത്. സഖ്യകക്ഷികൾ തമ്മിൽ യാതൊരു ഐക്യവുമില്ലെന്നും പരസ്പരം വോട്ട് ചെയ്യാൻ പോലും അവർ തയ്യാറാകില്ലെന്നും വിജയ് ആരോപിച്ചു.
തമിഴ്നാട്ടിലെ കോൺഗ്രസ് ഘടകത്തെ ഡിഎംകെ കോടിക്കണക്കിന് രൂപ നൽകി വിലയ്ക്കെടുത്തു. എന്നാൽ ‘യഥാർത്ഥ കോൺഗ്രസ്’ നിലകൊള്ളുന്നത് തമിഴക വെട്രി കഴകത്തിനൊപ്പമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മറ്റുള്ളവർക്ക് ഇത് വെറുമൊരു തിരഞ്ഞെടുപ്പ് മാത്രമായിരിക്കാം, എന്നാൽ ടി.വി.കെ പ്രവർത്തകർക്ക് ഇത് ഒരു വികാരമാണെന്നും വിജയ് കൂട്ടിച്ചേർത്തു.

