ആക്രമണം നിർത്തണമെന്ന് ഇസ്രായേലിനോട് ആവർത്തിച്ച് യു.എൻ
Nov 18, 2023, 13:44 IST

ജനീവ: ഗസ്സയിൽ ഇസ്രായേലിന്റെ വെടിനിർത്തൽ ആവശ്യം ആവർത്തിച്ച് യു.എൻ. അടിയന്തരമായി ആക്രമണം നിർത്തണമെന്ന് യു.എൻ ഹ്യൂമാനിറ്റേറിയൻ വിഭാഗം തലവൻ മാർട്ടിൻ ഗ്രിഫിത്ത്‌സ് ആവശ്യപ്പെട്ടു. അസാധ്യമായ കാര്യമല്ല ചോദിക്കുന്നതെന്നും സിവിലിയന്മാർക്കു സുരക്ഷിതമായി ഒഴിഞ്ഞുപോകാനുള്ള അവസരമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.എൻ പൊതുസഭയിലാണ് മാർട്ടിൻ ഗ്രഫിത്ത്‌സ് ആവശ്യമുയർത്തിയത്. ഗസ്സയിലെ മാനുഷിക പ്രതിസന്ധി അസഹനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അത് ഇനിയും തുടർന്നുകൂടാ. എന്തു പേരിട്ടു വിളിച്ചാലും പ്രശ്‌നമില്ല, മാനുഷിക കാഴ്ചപ്പാടോടെയുള്ള ആവശ്യം ലളിതമാണ്. സിവിലിയന്മാർക്കു സുരക്ഷിതമായി കടന്നുപോകാനായി ആക്രമണം അവസാനിപ്പിക്കണമെന്നും മാർട്ടിൻ ഗ്രിഫിത്ത്‌സ് പറഞ്ഞു.
