വാഷിങ്‌ടൺ: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കിയത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ കാരണമാണെന്നും, ഇരു രാജ്യങ്ങളെയും അടുപ്പിച്ചതിന് ട്രംപിന് നൊബേൽ പുരസ്കാരം നൽകണമെന്നും മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയോട് മോശമായി പെരുമാറിയതിന് യുഎസ് ഇന്ത്യയോട് പരസ്യമായി മാപ്പ് പറയണമെന്നും വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.(Trump's policies have strengthened India-Russia ties, Former Pentagon official)
പാകിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവി അസിം മുനീർ യുഎസിൽ വന്നാൽ ആദരിക്കുന്നതിനു പകരം അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്ന് മൈക്കൽ റൂബിൻ പറഞ്ഞു. കഴിഞ്ഞ ജൂണിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അസിം മുനീറിനെ വൈറ്റ് ഹൗസിൽ സ്വീകരിക്കുകയും അത്താഴവിരുന്ന് ഒരുക്കുകയും ചെയ്തതിനെ പരാമർശിച്ചായിരുന്നു റൂബിന്റെ ഈ പ്രതികരണം. "പാകിസ്ഥാനെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കണം," മൈക്കൽ റൂബിൻ ആവശ്യപ്പെട്ടു.
യുഎസ് പാകിസ്ഥാന്റെ പക്ഷം ചേരുന്നത് തന്ത്രപരമായി യുക്തിയല്ല എന്നും, കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയോട് പെരുമാറിയ രീതിക്ക് യുഎസിന്റെ ഭാഗത്തു നിന്ന് പരസ്യമായ ക്ഷമാപണം ഉണ്ടാകണമെന്നും, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മാപ്പ് പറയാൻ ഇഷ്ടമല്ലായിരിക്കാം, എന്നാൽ യുഎസിന്റെയും ലോകത്തെ ജനാധിപത്യ രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ ഒരു വ്യക്തിയുടെ ഈഗോയെക്കാൾ വളരെ വലുതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോർജ് ബുഷിന്റെ ഭരണകാലത്ത് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു മൈക്കൽ റൂബിൻ.