വാഷിങ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യനില മികച്ചതാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറ്റ് ഹൗസിലെ ആരോഗ്യ വിദഗ്ധർ അറിയിച്ചു. എം.ആർ.ഐ. (MRI) പരിശോധനകൾക്ക് ശേഷമാണ് വൈറ്റ് ഹൗസ് ഡോക്ടർമാർ ഇക്കാര്യം സ്ഥിരീകരിച്ചത്. ക്യാപ്റ്റൻ സീൻ ബാർബെല്ല തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് വിശദാംശങ്ങൾ വ്യക്തമാക്കിയത്.(Trump's health is good, White House releases MRI results)
ഒക്ടോബർ മാസത്തിൽ നടത്തിയ എം.ആർ.ഐ. പരിശോധനാ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്. ഹൃദയം, വയറ് എന്നിവയുടെ വിശദമായ പരിശോധന പൂർത്തിയാക്കി. പ്രസിഡന്റ് പൂർണ്ണ ആരോഗ്യവാനാണ്. ഈ പ്രായത്തിലുള്ളവർക്ക് സാധാരണ ഗതിയിൽ അനുഭവപ്പെടുന്ന കാർഡിയോ വാസ്കുലാർ പ്രശ്നങ്ങളോ വയറിനുള്ള ബുദ്ധിമുട്ടുകളോ ട്രംപിനില്ല.
ട്രംപിന്റെ ഹൃദയം 'പെർഫെക്റ്റ്' സ്ഥിതിയിലാണെന്നും, ധമനികൾ ചുരുങ്ങുന്ന അവസ്ഥ ട്രംപിന് അനുഭവപ്പെടുന്നില്ലെന്നും ക്യാപ്റ്റൻ സീൻ ബാർബെല്ല വിശദമാക്കുന്നു. പ്രതീക്ഷിക്കപ്പെട്ട രീതിയിലുള്ള ഫലമാണ് എം.ആർ.ഐയിൽ ലഭിച്ചത്. രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷം ട്രംപിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന മിനസോട്ട ഗവർണർ ടിം വാൾസിന്റെ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് ഈ എം.ആർ.ഐ. ഫലം സംബന്ധിച്ച പ്രസ്താവന പുറത്തുവിടുന്നത് എന്നുള്ളത് ശ്രദ്ധേയമാണ്.
നേരത്തെ ഒക്ടോബറിൽ നടന്ന എം.ആർ.ഐ. റിസൾട്ട് പുറത്തുവിടാൻ വൈറ്റ് ഹൗസ് ആരോഗ്യ വിദഗ്ധർ തയ്യാറായിരുന്നില്ല. ഏത് ഭാഗമാണ് എം.ആർ.ഐ. സ്കാനിന് വിധേയമാക്കിയതെന്നും വൈറ്റ് ഹൗസ് വിശദമാക്കിയിരുന്നില്ല. എം.ആർ.ഐ. റിസൾട്ട് പുറത്തുവിടുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് ഞായറാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ നടന്നത് സാധാരണ എം.ആർ.ഐ. ആണോ, ഏതൊക്കെ ഭാഗങ്ങൾ പരിശോധനയ്ക്ക് വിധേയമായി എന്ന് അറിയില്ലെന്നും ട്രംപ് എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു.
സുതാര്യത ഉറപ്പാക്കാനാണ് പരിശോധനാഫലം പുറത്തുവിടുന്നതെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രതികരിച്ചത്. എന്നാൽ, പരിശോധന ഏത് വിധത്തിലുള്ളതായിരുന്നു എന്ന വിശദവിവരങ്ങൾ പ്രസ്താവനയിൽ വ്യക്തമല്ലെന്ന് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നുണ്ട്. സംശയകരമായ പല സൂചനകളും പ്രസ്താവന മുന്നോട്ട് വയ്ക്കുന്നതായും വൈറ്റ് ഹൗസിന് പുറത്തുള്ള ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നു. നേരത്തെ, ജൂലൈ മാസത്തിൽ കാലുകളിൽ നീരു വയ്ക്കുന്നതിന് കാരണമായ അവസ്ഥ ട്രംപിനുണ്ടെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചിരുന്നു.