ലണ്ടൻ: യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസംഗം തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത് ഉൾപ്പെടുത്തിയതിൽ ബി.ബി.സി. മാപ്പ് പറഞ്ഞു. അതേസമയം, ട്രംപ് ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകാനുള്ള ആവശ്യം ബി.ബി.സി. തള്ളിക്കളഞ്ഞു.(Trump's edited speech, BBC apologizes for causing misunderstanding)
സംഭവവുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ ചെയർമാൻ സമീർ ഷാ വൈറ്റ് ഹൗസിലേക്ക് ഒരു വ്യക്തിഗത കത്ത് അയക്കുകയും മാപ്പ് പറയുകയും ചെയ്തു. ബി.ബി.സി. പുറത്തിറക്കിയ പ്രസ്താവനയിലെ പ്രധാന ഭാഗങ്ങൾ. "ഞങ്ങൾ പ്രസംഗത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ കാണിക്കുന്നതിനു പകരം, പ്രസംഗത്തിന്റെ ഒറ്റ തുടർച്ചയായ ഭാഗമാണ് കാണിക്കുന്നത് എന്ന പ്രതീതി എഡിറ്റിങ് വഴി സൃഷ്ടിച്ചു എന്ന് ഞങ്ങൾ സമ്മതിക്കുന്നു. ഇത് പ്രസിഡന്റ് ട്രംപ് നേരിട്ട് അക്രമത്തിന് ആഹ്വാനം ചെയ്തു എന്ന തെറ്റായ ധാരണ നൽകി."
വീഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്ത രീതിയിൽ ബി.ബി.സിക്ക് ആത്മാർത്ഥമായി ഖേദമുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ, അപകീർത്തിക്കേസിന് അടിസ്ഥാനമുണ്ടെന്ന ട്രംപിന്റെ വാദത്തോട് ശക്തമായി വിയോജിക്കുന്നു എന്നും കോർപ്പറേഷൻ വ്യക്തമാക്കി. ഈ ഡോക്യുമെന്ററി ഒരു പ്ലാറ്റ്‌ഫോമിലും വീണ്ടും സംപ്രേക്ഷണം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ബി.ബി.സി. കൂട്ടിച്ചേർത്തു.