ന്യൂയോർക്ക്: 2025-ൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും തീവ്രമായ X5.1 വിഭാഗത്തിൽ പെടുന്ന അതിശക്തമായ സൗരജ്വാല നവംബർ 11-ന് റിപ്പോർട്ട് ചെയ്തു. ഈ ജ്വാല യൂറോപ്പിലും ആഫ്രിക്കയിലും ഹൈ-ഫ്രീക്വൻസി റേഡിയോ സിഗ്നലുകളെ തടസ്സപ്പെടുത്തി.(The most intense solar flare of 2025, Radio blackout in Europe and Africa)
റിപ്പോർട്ട് അനുസരിച്ച്, ഇത് ഗുരുതരമായ ആർ-3 (R-3) ലെവലിലുള്ള റേഡിയോ സിഗ്നൽ തകരാറിന് കാരണമായി. 2024 ഒക്ടോബറിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ശക്തമായ സൗരജ്വാലയാണ് നവംബർ 11-നുണ്ടായത്. ഈയടുത്ത ദിവസങ്ങളിൽ അനേകം തീവ്ര സൗരജ്വാലകളുണ്ടായ sunspot AR4274-ൽ നിന്നാണ് X5.1 വിഭാഗത്തിലുള്ള ഈ അതിശക്തമായ സൗരജ്വാലയും ബഹിർഗമിച്ചത്.
നവംബർ 9-ന് X1.7 വിഭാഗത്തിലുള്ളതും, നവംബർ 10-ന് X1.2 കരുത്തുള്ളതുമായ സൗരജ്വാലകൾ ഇതേ സൺസ്‌പോട്ടിൽ നിന്ന് പുറപ്പെട്ടിരുന്നു. ഉപഗ്രഹ കമ്മ്യൂണിക്കേഷൻ സംവിധാനം, ജി.പി.എസ്., പവർ ഗ്രിഡ് എന്നിവയുടെ പ്രവർത്തനങ്ങളെ തകരാറിലാക്കാൻ ശേഷിയുള്ളതാണ് ഈ X5.1 തീവ്രതയുള്ള സൗരജ്വാല.
തുടർച്ചയായ ദിനങ്ങളിലെ ഈ സൗരജ്വാലകൾ അതിശക്തമായ കൊറോണൽ മാസ് എജക്ഷനുകളും (CMEs), തീവ്രത കൂടിയ G4 സൗര കൊടുങ്കാറ്റുകളും സൃഷ്ടിച്ചേക്കുമെന്ന് മുന്നറിയിപ്പ് നൽകി. നവംബർ 12-ന് അതിതീവ്രതയുള്ള G4 സൗര കൊടുങ്കാറ്റിന് X5.1 സൗരജ്വാല കാരണമാകും. നവംബർ 13 വരെ ഈ സൗര കൊടുങ്കാറ്റുകളുടെ സ്വാധീനം ഭൗമാന്തരീക്ഷത്തിൽ അനുഭവപ്പെട്ടേക്കാം എന്നാണ് ഗവേഷകരുടെ നിഗമനം.
ഈ സൗരക്കാറ്റ് വ്യാപകമായ ധ്രുവദീപ്തി പ്രതിഭാസത്തിനും കാരണമാകും. തീവ്രതയുടെ അടിസ്ഥാനത്തിൽ സൗരജ്വാലകളെ A, B, C, M, X എന്നിങ്ങനെ അഞ്ചായിട്ടാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ ഏറ്റവും കരുത്തുറ്റ X-ക്ലാസ് സൗരജ്വാലയാണ് നവംബർ 11-ന് രേഖപ്പെടുത്തിയത്. ഈ X5.1 സൗരജ്വാല ഭൂമിയിലേക്ക് അതിശക്തമായ എക്‌സ്-റേ വികിരണങ്ങളും അൾട്രാവയലറ്റ് രശ്മികളും ഉതിർത്തു. തീവ്രമായ ഈ വികിരണങ്ങളാണ് യൂറോപ്പിനും ആഫ്രിക്കയ്ക്കും മീതെ റേഡിയോ ബ്ലാക്ക്‌ഔട്ടിന് കാരണമായത്.