

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകം സാങ്കേതികമായി പുരോഗമിക്കുമ്പോൾ, ഒരു സമൂഹമെന്ന നിലയിൽ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നമ്മുടെ കുട്ടികളുടെ സുരക്ഷയാണ്. ലോകമെമ്പാടും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ദിവസേന വർധിച്ചുവരികയാണ്. ലൈംഗിക അതിക്രമങ്ങൾ, ശാരീരിക പീഡനങ്ങൾ, കടുത്ത അവഗണന, എന്നിവയെല്ലാം കുഞ്ഞുങ്ങൾ നേരിടുന്നത് അവർ ഏറ്റവും അധികം വിശ്വസിക്കുന്ന സ്വന്തം കുടുംബാംഗങ്ങളിൽ നിന്നാണ്. അമ്മയുടെ വാത്സല്യത്തിലും അച്ഛന്റെ സംരക്ഷണയിലും വളരേണ്ട ഒരു കുഞ്ഞ്, ആ സ്നേഹത്തിന്റെ തണലിൽ നിന്ന് പറിച്ചെറിയപ്പെടുന്ന കാഴ്ചകൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നു.
വിശ്വാസത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അവസാനത്തെ കോട്ടകളായി നാം കരുതുന്ന കുടുംബ ബന്ധങ്ങൾ പോലും, വിഷാദം, മാനസികരോഗം, സാമൂഹിക സമ്മർദ്ദങ്ങൾ കാരണം കുഞ്ഞ് ജീവനുകൾക്ക് മേൽ ഇരുട്ട് പടർത്തുന്നു. അത്തരത്തിൽ, മാനസിക നില പൂർണ്ണമായി തകർന്നൊരമ്മ സ്വന്തം കുഞ്ഞുങ്ങളുടെ ജീവൻ അപഹരിക്കുന്നു. അമേരിക്കയെ നടുക്കിയ ആൻഡ്രിയ യേറ്റ്സ് (Andrea Yates) എന്ന അമ്മയുടെ കഥയാണിത്. പ്രസവാനന്തര വിഷാദ രോഗം പിടിപ്പെട്ട ആൻഡ്രിയ വെള്ളത്തിൽ മുക്കിക്കൊന്നത് അവളുടെ അഞ്ചു മക്കളെ.
36-കാരിയായ ആൻഡ്രിയ യേറ്റ്‌സിനും ഭർത്താവ് റസ്സൽ റസ്റ്റി യേറ്റ്സിനും അഞ്ചു മക്കളായിരുന്നു. നോഹ (7), ജോൺ (5), പോൾ (3), ലൂക്ക് (2), മേരി (6 മാസം) എന്നിവരായിരുന്നു ആൻഡ്രിയയുടെ മക്കൾ. അമേരിക്കയിലെ ഹ്യൂസ്റ്റൺ പട്ടണത്തിലായിരുന്നു ആൻഡ്രിയയും കുടുംബവും താമസിച്ചിരുന്നത്. തീവ്ര ക്രൈസ്തവ വിശ്വാസികളായിരുന്നു ആൻഡ്രിയയും ഭർത്താവും. 1993 ലാണ് ആൻഡ്രിയയും റസ്സലും വിവാഹിതരാകുന്നത്. വിവാഹം സമയത്ത് തന്നെ ഇരുവരും ഒരു കാര്യം ഉറപ്പിച്ചിരുന്നു, ദൈവം എത്ര കുഞ്ഞുങ്ങളെ തരുന്നോ അത്രയും നമ്മൾ സന്തോഷത്തോടെ സ്വീകരിക്കുമെന്ന്. ദൈവത്തിന്റെ വരദാനമാണ് മക്കൾ എന്ന് ഉറച്ചു വിശ്വസിച്ച് ദമ്പതികൾക്ക് അങ്ങനെ അഞ്ച് കുഞ്ഞുങ്ങൾ ജനിക്കുന്നു. അമ്മയും അച്ഛനും മക്കളും എല്ലാവരും ചേർന്ന സന്തുഷ്ട കുടുംബം.
വളരെപ്പെട്ടെന്നായിരുന്നു ആൻഡ്രിയയുടെ കുടുംബത്തിൽ വിള്ളലുകൾ ഉണ്ടാകാൻ തുടങ്ങിയത്. ആൻഡ്രിയ നാലാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം കടുത്ത മനസികാസ്വസ്ഥതകൾ നേരിടാൻ തുടങ്ങി. എന്നാൽ ആൻഡ്രിയയുടെ കുടുംബം ആദ്യമൊന്നും ഇത് ഗൗരവത്തിൽ എടുത്തിരുന്നില്ല. എന്നാൽ പോകെ പോകെ കാര്യങ്ങൾ വഷളാകാൻ തുടങ്ങി. പ്രസവാനന്തര വിഷാദം, പ്രസവാനന്തര മനോരോഗം, സ്കീസോഫ്രീനിയ പോലുള്ള രോഗങ്ങളാൽ ആൻഡ്രിയ ബുദ്ധിമുട്ടാൻ തുടങ്ങി. മറ്റാർക്കും കാണാനോ കേൾക്കാനോ കഴിയാത്ത പലതും ആൻഡ്രിയ കേൾക്കാൻ തുടങ്ങി. ആൻഡ്രിയയുടെ മാനസികാവസ്ഥ താളം തെറ്റിയതോടെ വീട്ടുകാർ അവളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ നല്ലൊരു ഡോക്ടറെ കണ്ട് മരുന്ന് കഴിക്കാൻ തുടങ്ങി ആൻഡ്രിയ. 1999 ൽ രണ്ടു തവണയാണ് ആൻഡ്രിയ ആത്മഹത്യക്ക് ശ്രമിച്ചത്.
2000 ൽ ആൻഡ്രിയ വീണ്ടും ഗർഭിണിയായി, അവൾ മേരി എന്ന പെൺകുഞ്ഞിന് ജന്മം നൽകി. അതോടെ കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ തുടങ്ങി. പഴയതിലും മോശമായി അവളുടെ മാനസിക അവസ്ഥ. ആൻഡ്രിയയെ ചികിത്സിച്ച ഡോക്ടർ ഭർത്താവായ റസ്സലിനോട് ഒരിക്കലും മക്കളെ ആൻഡ്രിയയോടൊപ്പം വീട്ടിൽ തനിച്ചു നിർത്തരുത് എന്ന് കർശനമായി ഉപദേശിച്ചു. മാത്രവുമല്ല, ഒരു കാരണവശാലും ഡോക്ടർ നൽകിയ മരുന്നുകൾ കഴിക്കാതെ ഇരിക്കരുത് എന്നും പറഞ്ഞിരുന്നു. എന്നാൽ ആൻഡ്രിയ മരുന്നുകൾ കഴിക്കാതെയായി, ഇതേ കാലയളവിലാണ് ആൻഡ്രിയയുടെ പിതാവ് മരണപ്പെടുന്നത്. അതോടെ ആൻഡ്രിയ പൂർണ്ണമായും തകർന്നു പോയി.
2001, ജൂൺ 20 ന് റസ്സൽ പതിവ് പോലെ ജോലിക്ക് പോകുന്നു. ഡോകട്ർ പറഞ്ഞതിന് ശേഷം ആൻഡ്രിയെയും കുട്ടികളെയും വീട്ടിൽ തനിച്ച് നിർത്താറില്ല. റസ്സൽ ജോലിക്ക് പോയിക്കഴിഞ്ഞാൽ റസ്സലിന്റെ മാതാവ് കുട്ടികളെ നോക്കാനായി വീട്ടിലേക്ക് വരും. എന്നാൽ അന്ന് റസ്സലിന്റെ മാതാവ് വീട്ടിൽ എത്താൻ ഒരുമണിക്കൂർ വൈകി. ഇത് മനസിലാക്കിയ ആൻഡ്രിയ കുളിമുറിയിലെ ബാത്ത് ടബിൽ വെള്ളം നിറക്കുന്നു. ശേഷം ഇളയ മൂന്ന് ആൺമക്കളെ അവൾ ടബിലെ വെള്ളത്തിൽ മുക്കി കൊല്ലുന്നു, ശേഷം അവരുടെ ചേതനയറ്റ ശവശരീരം കട്ടിലിൽ കൊണ്ട് കിടത്തുന്നു. അടുത്തത് ഇളയമകൾ മേരി, ആറു മാസം മാത്രം പ്രായമുള്ള മേരിയെയും സമാന രീതിയിൽ തന്നെ കൊലപ്പെടുത്തുന്നു. ഇനി അവശേഷിക്കുന്നത് മൂത്ത മകൻ നോഹ, എന്നാൽ അമ്മ സഹോദരന്മാരെ കൊലപ്പെടുത്തി എന്ന് മനസിലാക്കിയ നോഹ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ആൻഡ്രിയ നോഹയെയും കൊലപ്പെടുത്തുന്നു.
കൃത്യം നടത്തിയ ശേഷം ആൻഡ്രിയ ആദ്യം പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നു. തനിക്ക് ഒരു പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കണം എന്ന് അവർ ആവശ്യപ്പെടുന്നു, എന്നാൽ എന്താണ് കാര്യം എന്ന് അവർ പറയാത്തത് കൊണ്ട് തന്നെ പോലീസ് കോൾ കട്ട് ചെയ്തു. അതോടെ ആൻഡ്രിയ ഭർത്താവിനെ വിളിക്കുന്നു, എത്രയും പെട്ടന്ന് വീട്ടിലേക്ക് എത്തണം എന്ന് ആവശ്യപ്പെടുന്നു. അങ്ങനെ വീട്ടിൽ മടങ്ങിയെത്തിയ റസ്സൽ കാണുന്നത് ചേതനയറ്റ് മക്കളുടെ ശവശരീരമായിരുന്നു. വിവരം അറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ പോലീസ് ആൻഡ്രിയ അറസ്റ്റ് ചെയ്യുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആൻഡ്രിയയാണ് കുട്ടികളെ കൊലപ്പെടുത്തിയത് എന്ന് തെളിയുന്നു. എന്നാൽ മാനസിക വെല്ലുവിളികൾ നേരിട്ടിരുന്ന ആൻഡ്രിയയെ കോടതി ശിക്ഷിച്ചില്ല. മറിച്ച് ഒരു മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അവരെ മാറ്റി. മക്കളെ കൊലപ്പെടുത്തിയ ഭാര്യയോടൊപ്പം താൻ ഇനി ജീവിക്കില്ല എന്ന് റസ്സൽ തീരുമാനിക്കുന്നു, തുടർന്ന് 2005 ൽ റസ്സലും ആൻഡ്രിയെയും വിവാഹ ബന്ധം വേർപിരിയുന്നു.
മക്കളോടുള്ള സ്നേഹമില്ലായ്മയല്ല, മറിച്ച് തൻ്റെ മാനസിക രോഗം സൃഷ്ടിച്ച ഭീകരമായ ലോകമാണ് ആൻഡ്രിയ സ്വന്തം മക്കളുടെ ജീവൻ അപഹരിക്കാൻ കാരണമായത്. പ്രസവാനന്തര വിഷാദരോഗം മൂർച്ഛിച്ച്, താൻ ഒരു 'ദുർഗുണമുള്ള അമ്മ'യാണെന്നും, തന്റെ മക്കൾ വളർന്ന് നരകത്തിൽ പോകുമെന്നും, അവരെ രക്ഷിക്കാൻ ഏകവഴി അവരെ കൊല്ലുക മാത്രമാണെന്നുമുള്ള പ്രസവാനന്തര സൈക്കോസിസ്എ ന്ന മനോരോഗത്തിന്റെ ഭീകരമായ മിഥ്യാധാരണകൾക്ക് അടിമപ്പെട്ടാണ് ആൻഡ്രിയ ഈ ക്രൂരകൃത്യം ചെയ്തത്. ആൻഡ്രിയെയുടെ കേസ് പ്രസവാനന്തര മനോരോഗങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള അമ്മമാരെയും കുടുംബങ്ങളെയും ബോധവൽക്കരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. ഈ മാനസികാരോഗ്യ പ്രശ്നങ്ങൾ ബേബി ബ്ലൂസ് (Baby Blues) പോലെയുള്ള ചെറിയ വിഷാദാവസ്ഥകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.
Andrea Yates, a mother from Houston, Texas, drowned her five young children in the family bathtub in 2001, an act driven by severe postpartum psychosis and delusions that she was saving them from damnation.