ഇലോണ്‍ മസ്കുമായി ബന്ധം; ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടി ഗൂഗിള്‍ സഹസ്ഥാപകന്‍

ന്യൂയോര്‍ക്ക്: ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ ഭാര്യ നിക്കോള്‍ ഷനഹാനില് നിന്ന് വിവാഹമോചനം നേടിയതായി റിപ്പോര്‍ട്ട്.
ലോക കോടീശ്വരന് ഇലോണ്‍ മസ്കുമായി നിക്കോളിന് രഹസ്യബന്ധമുണ്ടെന്ന് മുമ്പ് ആരോപണമുയര്‍ന്നിരുന്നു. ഇതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. നിക്കോള്‍ വിവാഹമോചനത്തെ എതിര്‍ത്തില്ലെങ്കിലും ഭര്‍ത്താവിന്റെ പിന്തുണ വേണമെന്ന് അവര്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. വക്കീല്‍ ഫീസ്, സ്വത്ത് വിഭജനം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രഹസ്യ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പാക്കിയതായാണ് സൂചന.

കോടതിയില്‍ നിന്ന് പുറത്തു വന്ന വിവരങ്ങളനുസരിച്ച് ഈ വര്‍ഷം മേയ് 26നാണ് ഇവര്‍ വിവാഹമോചിതരായത്. നാലുവയസുള്ള മകളുടെ കാര്യത്തില്‍ ഇരുവരും തമ്മില്‍ ധാരണയായതായും വിവരമുണ്ട്.
ടെസ്ല സിഇഒയും ലോകകോടീശ്വരനുമായ ഇലോണ്‍ മസ്കും നിക്കോളും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തില്‍ വാര്‍ത്ത വന്ന് ഒരു മാസം പിന്നിടും മുമ്പാണ് ബ്രിന്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ നിക്കോളും മസ്കും നിഷേധിച്ചിരുന്നു.