വെനിസ്വേലയിലെ തച്ചിറ സംസ്ഥാനത്തുള്ള പാരമില്ലോ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നതിന് പിന്നാലെ വിമാനം തകർന്ന് കത്തിയമർന്ന് രണ്ട് വിമാന ജീവനക്കാർ കൊല്ലപ്പെട്ടു. ഇരട്ട എഞ്ചിൻ പൈപ്പർ പിഎ-31T1 വിമാനമാണ് അപകടത്തിൽപ്പെട്ടത്.(Plane crashes after failed stunt in Venezuela; two killed)
വിമാനം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിൽ തന്നെ അപകടം സംഭവിക്കുകയായിരുന്നു. റൺവേയിൽ നിന്ന് അല്പം മാത്രം ഉയരത്തിലെത്തിയതിന് പിന്നാലെ വിമാനം തലകീഴായി തിരിയുകയും തുടർന്ന് പറന്നുയർന്ന റൺവേയിൽ തന്നെ തകർന്ന് വീഴുകയുമായിരുന്നു. റൺവേയിൽ മുഖം കുത്തിയ വിമാനം നിമിഷങ്ങൾക്കകം അഗ്നി വിഴുങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
രണ്ട് മരണം സ്ഥിരീകരിച്ചു
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എയറോനോട്ടിക്സ് (INAC) രണ്ട് വിമാന ജീവനക്കാരുടെ മരണം സ്ഥിരീകരിച്ചു. ഉടൻ തന്നെ അടിയന്തര, അഗ്നിശമന സേനകൾ സ്ഥലത്തെത്തിയെങ്കിലും പൈലറ്റുമാരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുണ്ട ഇൻവെസ്റ്റിഗഡോറ ഡി ആക്സിഡന്റസ് ഡി ഏവിയേഷൻ സിവിൽ (JIAAC) ഉത്തരവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ട പൈലറ്റുമാരുടെ വിവരങ്ങൾ അവരുടെ കുടുംബങ്ങളുമായി കൂടിയാലോചിച്ച ശേഷം പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
പ്രാഥമിക നിഗമനം
വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് ടയർ പൊട്ടിത്തെറിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, കൃത്യമായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തും. ഈ വിമാനം വെനിസ്വേലയ്ക്കുള്ളിൽ ആഭ്യന്തര റൂട്ടുകളിലും പനാമ, ക്യൂബ എന്നിവിടങ്ങളിലേക്കും സർവീസ് നടത്തിയിരുന്നു.