ബെയ്ജിങ്: ചൈനയിൽ അടുത്തിടെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത പാലം മാസങ്ങൾക്കുള്ളിൽ തകർന്നുവീണു. എൻജിനീയറിങ് മികവിൽ ഏറെ പ്രശംസ നേടിയ ഹോങ് ചി പാലമാണ് തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ തകർന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.(Newly constructed Hongqi bridge in China falls apart)
ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. തിങ്കളാഴ്ച പാലത്തിന്റെ ചില ഭാഗങ്ങളിൽ വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് അപകട സാധ്യത കണക്കിലെടുത്ത് പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിർത്തിവെച്ചിരുന്നു. ഇത് വലിയ ദുരന്തം ഒഴിവാക്കി.
പ്രദേശത്തെ മണ്ണിടിച്ചിലും നിർമാണത്തിലെ അപാകതകളുമാണ് പാലം തകരാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. പാലം തകരുന്നതിന്റെ ദൃശ്യങ്ങൾ ചൈനീസ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പർവതമേഖലയായ മേർകാങിൽ സ്ഥിതി ചെയ്യുന്ന ഹോങ് ചി പാലം നിർമാണത്തിലൂടെ ശ്രദ്ധ നേടിയിരുന്നു.
G317 ദേശീയ പാതയുടെ ഭാഗമായിരുന്നു ഈ പാലം. മധ്യ ചൈനയെ ടിബറ്റൻ പീഠഭൂമിയുമായി ബന്ധിപ്പിക്കുന്നതിൽ ഈ പാലത്തിന് വലിയ പങ്കുണ്ടായിരുന്നു. പാലത്തിന് 758 മീറ്റർ നീളമുണ്ട്. തറയിൽ നിന്ന് ഏകദേശം 625 മീറ്റർ ഉയരത്തിലാണ് പാലം നിർമിച്ചിരുന്നത്.
172 മീറ്റർ വരെ ഉയരമുള്ള ഭീമാകാരമായ തൂണുകളിലാണ് പാലം നിന്നിരുന്നത്. സംഭവത്തിൽ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.