ലണ്ടൻ: ബ്രിട്ടനിലെ കേംബ്രിഡ്ജ്ഷറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ കത്തിയാക്രമണം. യാത്രക്കാർക്ക് നേരെ നടന്ന ആക്രമണത്തിൽ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒൻപത് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.(Knife attack on train in Britain, 12 injured)
വടക്കുകിഴക്കൻ ഭാഗത്തുള്ള ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടനിലെ കിംഗ്സ് ക്രോസ് സ്റ്റേഷനിലേക്ക് ഓടുകയായിരുന്ന തിരക്കേറിയ ട്രെയിനിലാണ് ആക്രമണം നടന്നതെന്ന് ട്രാൻസ്‌പോർട്ട് പോലീസ് സ്ഥിരീകരിച്ചു. പ്രാദേശിക സമയം വൈകുന്നേരം 6.25-ഓടെയാണ് സംഭവം.
ഒരു സംഘം അക്രമികൾ പ്രകോപനമൊന്നുമില്ലാതെ യാത്രക്കാർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തെ തുടർന്ന് പ്രദേശത്തെ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു.
ഇതൊരു ഭീകരാക്രമണം ആണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇപ്പോൾ വ്യക്തതയില്ല. അറസ്റ്റിലായവരെക്കുറിച്ചോ, പരിക്കേറ്റവരുടെ ദേശീയതയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
നടുക്കുന്ന സംഭവമാണ് നടന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതികരിച്ചു. പ്രദേശത്തുള്ള എല്ലാവരും പോലീസിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ആക്രമണത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.