
ടൊറന്റോ: കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദിനും ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും നേരെ വെടിയുതിർക്കുന്ന ചിത്രീകരണങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് ഖാലിസ്ഥാൻ അനുകൂലികൾ ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് നടത്തിയ പ്രതിഷേധം, കനേഡിയൻ മന്ത്രിമാർ ശക്തമായി അപലപിച്ചു. ഇത്തരം പ്രകടനങ്ങൾ ജനാധിപത്യ മൂല്യങ്ങൾക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രിമാർ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
കാനഡയുടെ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് രൺദീപ് എസ്. സരായ്, പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദ്സംഗരി എന്നിവർ പ്രതിഷേധത്തെ ശക്തമായി അപലപിച്ചു. ഒരു പൊതു ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നതോ ലക്ഷ്യമിടുന്നതോ ആയ ഇത്തരം പ്രവൃത്തികൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതാണെന്നും അത്തരം വിദ്വേഷത്തിന് കാനഡയിൽ സ്ഥാനമില്ലെന്നും സരായ് 'X' കുറിച്ചു . "ഒരു ഫെഡറൽ മന്ത്രിയുടെ ചിത്രത്തിന് നേരെ രണ്ട് പേർ വെടിയുതിർക്കുന്നത് ചിത്രീകരിച്ച പ്രതിഷേധം തികച്ചും വെറുപ്പുളവാക്കുന്നതും അസ്വീകാര്യവുമാണ്," ആനന്ദ്സംഗരി പറഞ്ഞു. അക്രമവും വിദ്വേഷവും പ്രേരിപ്പിക്കുന്നവരെ തിരിച്ചറിഞ്ഞ് ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ ഭാഗമായ സിഖ് തീവ്രവാദ ഗ്രൂപ്പുകളാണ് പ്രകടനങ്ങൾ സംഘടിപ്പിച്ചത്. ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്ന മന്ത്രി അനിത ആനന്ദ് ഇന്ത്യാ അനുകൂല നിലപാട് സ്വീകരിക്കുന്നതായി ഖാലിസ്ഥാൻ അനുകൂല പ്രതിഷേധക്കാർ ആരോപിച്ചു. 2023-ൽ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ കാനഡ ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് വഷളായ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അനിത ആനന്ദ് കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിച്ചിരുന്നു. ഈ സന്ദർശനവും ജി7 ഉച്ചകോടിയിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നതിലേക്ക് നയിച്ചു. ഇരു രാജ്യങ്ങളും ഹൈക്കമ്മീഷണർമാരെ പുനഃസ്ഥാപിക്കുകയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ തലത്തിലുള്ള ചർച്ചകൾ പുനരാരംഭിക്കുകയും ചെയ്തതോടെ ഉഭയകക്ഷി ബന്ധം വീണ്ടും ശക്തിപ്പെടുന്നു.
Summary: Canadian lawmakers strongly condemned an "absolutely vile and unacceptable" protest by Khalistani extremists outside the Indian consulate in Toronto, where demonstrators displayed violent depictions targeting Foreign Affairs Minister Anita Anand and former Prime Minister Indira Gandhi