ഗാസ: ഗാസ മുനമ്പിൽ നിന്ന് ഇസ്രയേൽ കസ്റ്റഡിയിലെടുത്ത പലസ്തീൻ പൗരന്മാർക്ക് ഇസ്രയേൽ തടവറകളിൽ കൊടിയ പീഡനമാണ് നേരിടേണ്ടി വന്നതെന്ന് റിപ്പോർട്ട്. ദി പാലസ്തീനിയൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് (PCHR) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്. വെടിനിർത്തൽ കരാറിന് പിന്നാലെ ഇസ്രയേൽ വിട്ടയച്ച 100-ഓളം തടവുകാരുടെ മൊഴികൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.(Israeli detainees in Gaza suffered horrific torture)
ഇസ്രയേൽ സൈനിക ക്യാമ്പുകളിലും ജയിലുകളിലും അടയ്ക്കപ്പെട്ട സ്ത്രീകൾ, പുരുഷന്മാർ എന്നിവരടക്കമുള്ള പലസ്തീനികൾ അതിക്രൂരമായ മാനസിക, ശാരീരിക, ലൈംഗിക പീഡനങ്ങൾക്കാണ് ഇരയായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഗാസ മുനമ്പിൽ നിന്ന് ഇസ്രയേൽ കസ്റ്റഡിയിലെടുത്തവർക്കാണ് ഈ ദുരനുഭവം നേരിട്ടത്. പലസ്തീനിൽ നടന്ന വംശഹത്യയുടെ ഭാഗമായാണ് ഇത്തരം പീഡനങ്ങളെന്നാണ് പി.സി.എച്ച്.ആർ. ആരോപിക്കുന്നത്.
2024 നവംബറിൽ വടക്കൻ ഗാസയിലെ ഒരു ചെക്ക് പോസ്റ്റിനടുത്ത് നിന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട 42-കാരിയുടെ മൊഴികൾ റിപ്പോർട്ടിലുണ്ട്. ഇസ്രയേൽ സൈനികരുടെ ലൈംഗിക പീഡനം, മർദ്ദനം, വൈദ്യുതി ആഘാതമേൽപ്പിക്കൽ തുടങ്ങിയ കൊടിയ പീഡനങ്ങളാണ് ഇവർ നേരിട്ടത്. കസ്റ്റഡിയിലെടുത്ത് നാലാം ദിവസം കണ്ണുകൾ മൂടിക്കെട്ടി ഒരു മുറിയിലെത്തിച്ച ശേഷം വസ്ത്രങ്ങൾ ഊരിമാറ്റാൻ ആവശ്യപ്പെട്ടു. ഇരുമ്പ് മേശയിൽ വിലങ്ങുകളിട്ട ശേഷം മൂന്ന് ദിവസത്തോളം നിരവധി സൈനികർ ചേർന്ന് ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു.
പീഡന ശേഷം വസ്ത്രം ധരിക്കാൻ പോലും അനുവാദമില്ലാതെ മുറിയിൽ തുടരേണ്ടി വന്നു. തനിക്ക് നേരിടേണ്ടി വന്ന പീഡനം വിശദീകരിക്കാൻ സാധിക്കാത്തതാണെന്നും ഓരോ നിമിഷവും മരിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചതായും 42-കാരി പറയുന്നു. മൂന്നാം ദിവസം രക്തസ്രാവം നേരിട്ടപ്പോഴാണ് വസ്ത്രം ധരിക്കാനും മറ്റൊരു മുറിയിലേക്ക് മാറ്റാനും സൈനികർ അനുവദിച്ചത്.
വനിതാ തടവുകാർ മാത്രമല്ല, പുരുഷന്മാരായ തടവുകാരെയും അതിക്രൂരമായ രീതിയിൽ ഉപദ്രവിച്ചിരുന്നതായി റിപ്പോർട്ട് വിശദീകരിക്കുന്നു. 2024 മാർച്ചിൽ ഗാസ നഗരത്തിലെ അൽ ഷിഫ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 35-കാരന് 19 മാസം നീണ്ട തടങ്കൽ കാലയളവിൽ ക്രൂരമായ മർദ്ദനവും പീഡനവും നേരിടേണ്ടി വന്നു. പരിശീലനം നേടിയ നായയെ ഉപയോഗിച്ചുള്ള ലൈംഗികാതിക്രമങ്ങൾക്കും പീഡനത്തിനും ഇരയായി. തടവുകാർക്ക് മേലെ നായയെ കയറ്റി നിർത്തി മൂത്രമൊഴിപ്പിക്കുക, നായയെ കൊണ്ട് ലൈംഗികാതിക്രമം ചെയ്യിക്കുക എന്നിവയും നടന്നതായി 35-കാരൻ മൊഴി നൽകി.
ക്രൂരമായ മർദ്ദനത്തിൽ തലയിൽ പൊട്ടലുണ്ടായതോടെ അനസ്തേഷ്യ പോലും നൽകാതെ 7 തുന്നലിട്ടെന്നും അദ്ദേഹം ആരോപിച്ചു.ഞെട്ടിക്കുന്ന പീഡനം വിവരിച്ച തടവുകാർ, നായ്ക്കളെക്കൊണ്ടുപോലും ലൈംഗികമായി പീഡിപ്പിച്ചതിലൂടെ തങ്ങളുടെ വിശ്വാസങ്ങളും പ്രതീക്ഷകളും ഇല്ലാതാക്കിയെന്നും വെളിപ്പെടുത്തി. ആയിരത്തോളം പലസ്തീനിയൻ തടവുകാർ ഇപ്പോഴും ഇസ്രയേലി ഡിറ്റൻഷൻ ക്യാമ്പുകളിലും ജയിലുകളിലും കഴിയുന്നുണ്ട്.