

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇസ്രായേൽ സൈന്യവും കുടിയേറ്റക്കാരും 250-ലധികം തവണ പലസ്തീൻ ജലസ്രോതസ്സുകൾ ആക്രമിച്ചതായി റിപ്പോർട്ട്. ജലത്തെ ആയുധമാക്കിയ ഇസ്രായേൽ സേനയുടെ ഭീകരത തുറന്നു കാട്ടുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടിലാണ് പലസ്തീൻ നേരിട്ട ജലദുരിതത്തിന്റെ നേർചിത്രം വ്യക്തമാക്കുന്നത്.
സമീപ വർഷങ്ങളിൽ സാധാരണക്കാരുടെ ജലവിതരണത്തിനു നേരെയുണ്ടായ ഏറ്റവും രൂക്ഷമായ ആക്രമണങ്ങളിൽ ഒന്നാണിത്. 2024 ജനുവരി മുതൽ 2025 മധ്യം വരെ, അധിനിവേശ വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും കുടിവെള്ളം, ജലസേചനം, ശുചിത്വ സംവിധാനങ്ങൾ എന്നിവയ്‌ക്കെതിരെ ബോംബുകൾ, നായ്ക്കൾ, വിഷം, ഹെവി മെഷിനറികൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് 90-ലധികം ആക്രമണങ്ങൾ നടത്തിയിരുന്നു. ഗാസയിലെ 90% ജല, ശുചിത്വ സംവിധാനങ്ങളും ആക്രമണങ്ങളിൽ നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. ഇത് പൊതുജനാരോഗ്യ ദുരന്തത്തിന് കാരണമായിട്ടുണ്ടെന്ന് യുഎൻ പ്രത്യേക റിപ്പോർട്ടർ അഭിപ്രായപ്പെട്ടു.
2024 ഫെബ്രുവരിയിൽ, ഗാസയിലെ നാസർ ആശുപത്രിക്ക് സമീപം വെള്ളം ശേഖരിക്കാൻ ശ്രമിച്ച എട്ട് പലസ്തീനികളെ ഇസ്രായേലി സേന കൊലപ്പെടുത്തി. ഏപ്രിലിൽ, ഗാസ നഗരത്തിലെ രണ്ട് സ്‌കൂളുകളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 100 പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യൂറോപ്യൻ യൂണിയൻ ധനസഹായം നൽകിയ അഞ്ച് മൊബൈൽ ശൗചാലയങ്ങളും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒരു ഉപ്പുവെള്ള ഡീസലൈനേഷൻ യൂണിറ്റും ഇസ്രായേൽ നശിപ്പിച്ചിരുന്നു. 2025 ജൂലൈയിൽ, നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലെ ജലവിതരണ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആറ് കുട്ടികൾ ഉൾപ്പെടെ 10 പലസ്തീനികൾക്ക് ജീവൻ നഷ്ടമായി.
ആഗോള ജല സംഘർഷങ്ങൾ
കാലാവസ്ഥാ വ്യതിയാനം, മോശമായ ഭരണം, വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ എന്നിവ കാരണം ആഗോളതലത്തിൽ ജലവുമായി ബന്ധപ്പെട്ട അക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. 2024 ൽ, ലോകമെമ്പാടും 420 ജലവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, 2023 നെ അപേക്ഷിച്ച് 20% വർദ്ധനവാണു ഉണ്ടായിരിക്കുന്നത്. 2025 ന്റെ ആദ്യ പകുതിയിൽ 160 ൽ അധികം ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ൽ ആഗോളതലത്തിൽ നടന്ന ജലവിതരണ ആക്രമണങ്ങളിൽ 12% ഇസ്രായേൽ-പലസ്തീൻ സംഘർഷവുമായി ബന്ധപ്പെട്ടതും 16% റഷ്യ-ഉക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ടതുമാണ്.
ഏപ്രിലിൽ, വെസ്റ്റ് ബാങ്കിലെ ബർദാല ഗ്രാമത്തിൽ ഇസ്രായേലി കുടിയേറ്റക്കാർ പലസ്തീനികളുടെ ഉടമസ്ഥതയിലുള്ള ജലസേചന പൈപ്പ്‌ലൈനുകൾ നശിപ്പിച്ചു. "ദാഹത്തെ ആയുധമാക്കി ഇസ്രായേൽ പലസ്തീനികളെ കൊല്ലുന്നു" എന്ന് യുഎൻ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷിതമായ കുടിവെള്ളം തടഞ്ഞുവയ്ക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമാണ്. ഗാസയിലെ ഈ രീതികൾ ഒരു വംശഹത്യ തന്ത്രത്തിന്റെ ഭാഗമാണ്, കൂടാതെ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമാണെന്ന് യുഎൻ പ്രത്യേക റിപ്പോർട്ടർ പെഡ്രോ അറോയോ-അഗുഡോ പറഞ്ഞു. 1967 മുതൽ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പലസ്തീൻ പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനും ഒറ്റപ്പെടുത്താനും ഇസ്രായേൽ ആസൂത്രിതമായി വെള്ളം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Israeli armed forces and settlers have attacked Palestinian water sources over 250 times in the last five years, with at least 90 incidents targeting drinking water, sanitation, and irrigation sites in the occupied West Bank and Gaza between January 2024 and mid-2025.