ഹമാസ് ഭീകരർ ഗാസയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നെന്ന് ഇസ്രായേൽ
Nov 18, 2023, 12:05 IST

ടെൽ അവീവ്: ഹമാസ് ഭീകരർ ഗാസയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന റിപ്പോർട്ട് പുറത്ത് വിട്ട് ഇസ്രായേൽ. ആശുപത്രികളും മെഡിക്കൽ സൗകര്യങ്ങളും ഹമാസ് ഭീകരർ അവരുടെ പ്രവർത്തനങ്ങൾക്ക് മറയാക്കുന്നുണ്ടെന്നതിന്റെ തെളിവുകൾ ഇസ്രായേൽ പ്രതിരോധ സൈന്യം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഗാസയിലെ കുട്ടികളുടെ സ്‌കൂളുകളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ റോക്കറ്റ് ലോഞ്ചറുകളും മോർട്ടർ ഷെല്ലുകളും കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഗാസയിലുള്ള ഒരു കിന്റർഗാർഡനിൽ നിന്നും, സ്‌കൂളിൽ നിന്നുമാണ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതെന്ന് ഐഡിഎഫ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. കുട്ടികളുടെ സ്‌കൂളുകളിൽ ആയുധങ്ങളല്ല, കളിപ്പാട്ടങ്ങളാണ് സൂക്ഷിക്കേണ്ടത് എന്ന കുറിപ്പോടെയാണ് ഐഡിഎഫ് ഇതിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. റെയ്ഡ് നടത്തുന്നതും ആയുധങ്ങൾ പിടിച്ചെടുക്കുന്നതുമെല്ലാം ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്. സ്‌കൂൾ കെട്ടിടത്തിന്റെ ഒരു മൂലയിലായി ഷെല്ലുകൾ അടുക്കി വച്ചിരിക്കുന്നതായി വീഡിയോയിൽ കാണാം.