ബെയ്‌ജിങ്: ആപ്പിളിന്റെ ഏറ്റവും കനം കുറഞ്ഞ സ്‌മാർട്ട്‌ഫോൺ മോഡലായ ഐഫോൺ എയറിന്റെ മോശം വിൽപ്പന ലോകത്തിലെ മറ്റ് മുൻനിര സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളുടെ പദ്ധതികളെയും ബാധിച്ചു. മോശം വിൽപ്പനയെ തുടർന്ന് ഐഫോൺ എയറിന്റെ ഉൽപ്പാദനം കുറച്ചതിന് പിന്നാലെ, ഐഫോൺ എയറിന് സമാനമായ അള്‍ട്രാ-സ്ലിം ഫോൺ പുറത്തിറക്കാനുള്ള പദ്ധതികൾ ചൈനീസ് കമ്പനികളായ ഷവോമി, ഓപ്പോ, വിവോ എന്നിവർ ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ.(iPhone Air suffers setback, Are Chinese companies abandoning ultra-slim phone plans?)
ഐഫോൺ എയറിന് സംഭവിച്ച ദുരനുഭവം കണക്കിലെടുത്ത്, ഈ ചൈനീസ് ബ്രാൻഡുകൾ അള്‍ട്രാ-സ്‌ലിം സ്‌മാർട്ട്‌ഫോൺ പദ്ധതികൾ അനിശ്ചിതമായി നിർത്തിവച്ചതായി ബിസിനസ് സ്റ്റാൻഡേർഡ് ഡോട്ട് കോം, മാക് വേൾഡ് റിപ്പോർട്ടിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
ഐഫോൺ എയറുമായി മത്സരിക്കാൻ ഷവോമി ഒരു "ട്രൂ എയർ" മോഡൽ പുറത്തിറക്കാൻ മുമ്പ് പദ്ധതിയിട്ടിരുന്നു. വിവോ അതിന്റെ മിഡ്-റേഞ്ച് എസ്-സീരീസ് നിരയിൽ ഒരു കനം കുറഞ്ഞ ഫോൺ പുറത്തിറക്കാനും പദ്ധതിയിട്ടിരുന്നു. എന്നാൽ, ഐഫോൺ എയർ വിപണിയിൽ തരംഗമാകാതിരുന്നതോടെ ഇരു കമ്പനികളും അവരുടെ പദ്ധതികൾ റദ്ദാക്കി. ഈ കമ്പനികൾ പരമ്പരാഗത സ്മാർട്ട്‌ഫോൺ മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും.
സെപ്റ്റംബറിൽ വലിയ പ്രചാരണത്തോടെയാണ് ആപ്പിൾ വെറും 5.6 മില്ലീമീറ്റർ കട്ടിയുള്ള ഐഫോൺ എയർ പുറത്തിറക്കിയത്. എന്നാൽ, മെലിഞ്ഞ രൂപകൽപ്പന ജനപ്രിയമാകുമെന്ന് ആപ്പിൾ പ്രതീക്ഷിച്ചിരുന്നെങ്കിലും വിൽപ്പന കമ്പനിയെ നിരാശപ്പെടുത്തി. ഐഫോൺ എയറിന്റെ കുറഞ്ഞ ബാറ്ററി ലൈഫും ഒറ്റ റിയർ ക്യാമറ സവിശേഷതകളും വാങ്ങുന്നവരെ പിന്തിരിപ്പിച്ചു. വിൽപ്പന ദുർബലമായതിനെത്തുടർന്ന് ആപ്പിളിന്റെ പ്രധാന വിതരണക്കാരായ ലക്‌സ്‌ഷെയറും ഫോക്‌സ്‌കോണും ഐഫോൺ എയറിന്റെ ഉത്പാദനം നിർത്തിവച്ചു. ഐഫോൺ എയറിന്റെ രണ്ടാം തലമുറ വേരിയന്റ് പുറത്തിറക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ആപ്പിളിനെപ്പോലെ തന്നെ, സാംസങ്ങും ഒരു കനം കുറഞ്ഞ ഫോൺ മോഡൽ പുറത്തിറക്കിയതിൽ ഇപ്പോൾ ഖേദിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ആദ്യം സാംസങ് വിപണിയിൽ അവതരിപ്പിച്ച ഗാലക്‌സി എസ്25 എഡ്‌ജ് മോഡലിന്റെ വിൽപ്പനയും പ്രതീക്ഷിച്ചത്ര ഉയർന്നില്ല. തൽഫലമായി, ഈ ഫോണും 'എഡ്ജ്' ലൈനപ്പ് ആകെയും നിർത്തലാക്കാൻ സാംസങ് തീരുമാനിച്ചതായി സ്ഥിരീകരിക്കാത്ത സൂചനകളുണ്ട്.