പൂര്‍ണമായി പാകം ചെയ്യാത്ത മത്സ്യം കഴിച്ചതിനെ തുടർന്ന് അണുബാധ; ജീവൻ രക്ഷിക്കാന്‍ 40 കാരിയുടെ കൈകാലുകള്‍ മുറിച്ച് നീക്കി
Sep 17, 2023, 13:30 IST

പൂര്‍ണമായി പാകം ചെയ്യാത്ത മത്സ്യം കഴിച്ചതിനു പിന്നാലെ ഉണ്ടായ അണുബാധയേ തുടര്‍ന്ന് 40 കാരിയുടെ കൈകാലുകള്‍ മുറിച്ച് നീക്കി. കാലിഫോര്‍ണിയയിലെ സാന്‍ജോസിലാണ് ഞെട്ടിക്കുന്ന സംഭവം. ലോറ ബാറാജാസ് എന്ന 40 കാരിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് കൈകാലുകള്‍ മുറിച്ച് നീക്കിയതെന്നാണ് റിപ്പോർട്ട്. അണുബാധ ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു ലോറ. ആറ് വയസുകാരനായ കുട്ടിയുടെ അമ്മയായ ലോറ ജൂലൈ മാസത്തിലാണ് മത്സ്യം കഴിച്ചതിനെ തുടർന്ന് അവശനിലയിലായത്.സാന്‍ജോസിലെ പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ തിലാപ്പിയ മത്സ്യം കഴിച്ചതിന് പിന്നാലെയായിരുന്നു അണുബാധയുണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മത്സ്യം പൂര്‍ണമായും പാകമാവുന്നതിന് മുന്‍പ് കഴിച്ചത് മൂലമുണ്ടായ ബാക്ടീരിയ അണുബാധയായിരുന്നു 40കാരിക്കുണ്ടായത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ ലോറയുടെ വിരലുകളും കാലുകളും കീഴ് ചുണ്ടും കറുത്ത നിറമായി മാറിയിരുന്നു. കിഡ്നി തകരാറും ലോറക്ക് സംഭവിച്ചതോടെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിബ്രിയോ വള്‍നിഫിക്കസ് എന്നയിനം ബാക്ടീരിയയില്‍ നിന്നുണ്ടായ അണുബാധയാണ് യുവതിയുടെ ആരോഗ്യ നിലയെ ബാധിച്ചതെന്നാണ് നിരീക്ഷണം.അടുത്തിടെ സെന്‍ട്രല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വിഭാഗം ഇത്തരം അണുബാധയേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.