ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 303 ആയി ഉയർന്നു. മുന്നൂറോളം പേരെ കാണാനില്ലെന്നാണ് ഏറ്റവും പുതിയ വിവരം. ചുഴലിക്കാറ്റ് മൂലമുള്ള പേമാരിയാണ് ദുരന്തത്തിന് കാരണം.(Indonesia floods, Death toll in Sumatra rises to 303)
സുമാത്ര പ്രവിശ്യയിലെ 15 നഗരങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ഏകദേശം 17,000 വീടുകൾ വെള്ളത്തിനടിയിലായെന്നാണ് കണക്ക്. ദുരിതബാധിതരായ നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇന്തോനേഷ്യയ്ക്ക് പുറമെ മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലും ഒരാഴ്ചയായി പേമാരി തുടരുകയാണ്.
മണ്ണിടിച്ചിലിനെത്തുടർന്ന് റോഡുകൾ തകരുകയും ആശയവിനിമയ സംവിധാനങ്ങൾ നശിക്കുകയും ചെയ്തതോടെ ദ്വീപിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ഇന്തോനേഷ്യൻ സൈനിക മേധാവി സുഹര്യാന്റോ വാർത്താ ഏജൻസികളോട് പ്രതികരിച്ചു. "മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ റോഡ് തടസ്സം മറികടക്കാൻ രക്ഷാസേന ശ്രമിക്കുന്നുണ്ട്. നിരവധി ആളുകൾ റോഡിന്റെ ഒരു ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി കൂടുതൽ സൈന്യത്തെ പ്രദേശത്ത് എത്തിക്കും." ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിൽ ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുന്നുണ്ട്.
രണ്ട് ദിവസം മുമ്പ് ഇന്തോനേഷ്യയിലെ വടക്കൻ സുമാത്ര തീരത്തുള്ള ദ്വീപിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. സിമെലു ദ്വീപിൽ 25 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂകമ്പം. ഈ ഭൂചലനത്തിന് തൊട്ടുപിന്നാലെയാണ് മഴ ശക്തമായതും വലിയ ദുരന്തത്തിലേക്ക് വഴിതുറന്നതും. നേരത്തെ, വടക്കൻ സുമാത്ര പ്രവിശ്യയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 28 പേർ മരിച്ചിരുന്നു.