ഇസ്‌ലാമാബാദ്: ഇന്ത്യ ആരുടെയും വ്യാമോഹത്തിൽ അകപ്പെടരുതെന്ന് പാക്കിസ്ഥാൻ സംയുക്ത സേനാ മേധാവി അസിം മുനീർ മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാൻ സമാധാനത്തിന്റെ രാഷ്ട്രമാണെന്നും എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തെ പരീക്ഷിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(India should not fall into anyone's delusion, says Asim Munir)
ഭാവിയിൽ എന്തെങ്കിലും ആക്രമണം ഉണ്ടായാൽ പാക്കിസ്ഥാന്റെ പ്രതികരണം അതികഠിനമായിരിക്കും എന്ന് അസിം മുനീർ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ ആദ്യത്തെ സി.ഡി.എഫ്. ആയി നിയമിതനായതിന് ശേഷം അദ്ദേഹത്തിന് ആദരം നൽകാനായി സംഘടിപ്പിച്ച ചടങ്ങിൽ സായുധ സേനാ ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർധിച്ചുവരുന്ന ഭീഷണികളുടെ പശ്ചാത്തലത്തിൽ മൂന്ന് സേനകളും (കര-നാവിക-വ്യോമ) ഏകീകൃത സംവിധാനത്തിനു കീഴിൽ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷങ്ങളെക്കുറിച്ച് സംസാരിച്ച മുനീർ, അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിനു വ്യക്തമായ സന്ദേശം നൽകിയിട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു. പാക്കിസ്ഥാൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു, നാവികസേനാ മേധാവി അഡ്മിറൽ നവീദ് അഷ്‌റഫ്, മൂന്ന് സായുധ സേനകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ മാസമാണ് 27-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ അസിം മുനീർ പാക്കിസ്ഥാൻ സി.ഡി.എഫ്. ആയി നിയമിതനായത്. സംയുക്ത സൈനിക മേധാവി സ്ഥാനത്തിനു പുറമെ രാജ്യത്തിന്റെ ആണവായുധങ്ങളും മിസൈൽ സംവിധാനങ്ങളും കൈകാര്യം ചെയ്യുന്ന നാഷണൽ സ്ട്രാറ്റജിക് കമാൻഡിന്റെ മേൽനോട്ടവും അസിം മുനീറിനാണ്.