

ഇന്ന് ഒക്ടോബർ 24, ലോക പോളിയോ ദിനം. പോളിയോ വാക്സിനേഷന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്തുന്നതിനും, കുട്ടികളെ ഈ രോഗത്തിൽ നിന്നും സംരക്ഷിക്കുകയുമാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ഒരു കാലത്ത് ലോകമെമ്പാടുമുള്ള മാതാപിതാക്കളുടെ പേടിസ്വപ്നമായിരുന്നു പോളിയോ. 5 വയസ്സിന് താഴെയുള്ള കുട്ടികളെ പ്രധാനമായും ബാധിക്കുന്ന ഈ വൈറസ് രോഗം, നാഡീവ്യൂഹത്തെയാണ് ആക്രമിക്കുന്നത്. ഇത് കൈകാലുകൾ തളർന്നുപോകുന്നതിന് കാരണമാവുകയും ചിലപ്പോൾ മരണം വരെ സംഭവിക്കുകയും ചെയ്യാം. എങ്കിലും, ശാസ്ത്രത്തിൻ്റെ വിജയഗാഥകളിൽ ഏറ്റവും തിളക്കമുള്ള ഒരേടാണ് പോളിയോ രോഗത്തിനെതിരായ പോരാട്ടം. (World Polio Day)
പോളിയോ വാക്സിൻ കണ്ടുപിടിച്ച ഡോ. ജോനാസ് സാൽക്കിന്റെ ജന്മദിനമാണ് ഒക്ടോബർ 24. അദ്ദേഹത്തിന്റെ ഓർമ്മക്കായാണ് എല്ലാ വർഷവും ഒക്ടോബർ 24 ന് ലോക പോളിയോ ദിനം ആചരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സേവന സംഘടനകളിൽ ഒന്നായ റോട്ടറി ഇൻ്റർനാഷണലിന്റെ (Rotary International) നേതൃത്വത്തിലാണ് പോളിയോ ദിനം ആചരിക്കുവാൻ ആരംഭിക്കുന്നത്. പോളിയോ നിർമാർജനം ചെയ്യുന്നതിനുള്ള ആഗോള ശ്രമങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ഈ മഹത്തായ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും സംഭാവനകളെ ഓർമ്മിക്കുന്നതിനുമുള്ള ഒരു അവസരം കൂടിയാണ് ഈ ദിനം.
പോളിയോയ്ക്ക് ചികിത്സയില്ല, പക്ഷേ പോളിയോ വാക്സിൻ ഉപയോഗിച്ച് പൂർണ്ണമായും രോഗത്തെ തടയാൻ കഴിയും. വാക്സിനേഷൻ വഴി രോഗത്തെ തടയാനും അതുവഴി സമൂഹത്തിൽ നിന്ന് രോഗത്തെ തുടച്ചുനീക്കാനും സാധിക്കും. 1988-ൽ ആഗോള പോളിയോ നിർമ്മാർജ്ജന സംരംഭം (GPEI) ആരംഭിച്ചപ്പോൾ, ലോകമെമ്പാടും പ്രതിവർഷം ഏകദേശം 350,000 പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ന്, ഈ കണക്ക് 99 ശതമാനത്തിലധികം കുറഞ്ഞു. മനുഷ്യരാശിയുടെ കൂട്ടായ പരിശ്രമത്തിനുള്ള വിജയമാണിത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, വ്യാവസായിക രാജ്യങ്ങളിലെ ഏറ്റവും ഭയാനകമായ രോഗങ്ങളിലൊന്നായിരുന്നു പോളിയോ, ഇത് എല്ലാ വർഷവും ലക്ഷക്കണക്കിന് കുട്ടികളെ തളർത്തി. എന്നിരുന്നാലും, 1950 കളിലും 1960 കളിലും ഫലപ്രദമായ വാക്സിനുകൾ അവതരിപ്പിച്ചതിനു ശേഷം, പോളിയോ നിയന്ത്രണവിധേയമാക്കുകയും ഈ രാജ്യങ്ങളിലെ പൊതുജനാരോഗ്യ പ്രശ്നമെന്ന നിലയിൽ നിന്ന് പ്രായോഗികമായി രോഗത്തെ ഇല്ലാതാക്കുകയും ചെയ്തു.
പോളിയോയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ കൈവരിച്ച നേട്ടം ലോകത്തിന് തന്നെ മാതൃകയാണ്. ഒരുകാലത്ത് പോളിയോ ബാധിത രാജ്യമായിരുന്ന ഇന്ത്യ, 'പൾസ് പോളിയോ' പോലുള്ള തീവ്രമായ വാക്സിനേഷൻ പരിപാടികളിലൂടെയും പ്രചാരണങ്ങളിലൂടെയും രോഗത്തെ തുടച്ചുനീക്കാൻ കഴിഞ്ഞു. 2014-ൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയിലെ ഈ ചരിത്ര നേട്ടം ദശലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സഹായിച്ചു. എന്നിരുന്നാലും, ഒരു കുട്ടിക്ക് പോളിയോ ബാധിച്ചാലും വൈറസ് വീണ്ടും പടരുമെന്നതിനാൽ, പോളിയോ രഹിത നില നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് കുട്ടികൾക്ക് കൃത്യസമയത്ത് പോളിയോ വാക്സിൻ നൽകേണ്ടത് പ്രധാനമായത്. ഒരു പോളിയോ രഹിത ലോകം എന്ന ലക്ഷ്യത്തിലേക്ക് ലോകം അടുത്തുകൊണ്ടിരിക്കുകയാണ്. ഈ ദൗത്യം പൂർത്തിയാക്കാനും, വരും തലമുറകൾക്ക് ആരോഗ്യകരമായ ഒരു ലോകം സമ്മാനിക്കാനും നമുക്ക് ഒരുമിച്ച് മുന്നോട്ട് നീങ്ങാം.