ഇന്ത്യയിലേക്ക് പുറപ്പെട്ട ഇസ്രയേൽ ചരക്കുകപ്പൽ ഹൂതി വിമതർ പിടിച്ചെടുത്തു

ഇന്ത്യയിലേക്ക് പുറപ്പെട്ട ഇസ്രയേൽ ചരക്കുകപ്പൽ പിടിച്ചെടുത്തതായി അവകാശവാദവുമായി ഹൂതി വിമതർ. തെക്കൻ ചെങ്കടലിൽ വെച്ചാണ് ഹൂതി വിമതർ കപ്പൽ പിടിച്ചെടുത്തത്. വിവിധ രാജ്യങ്ങളിലെ 25ഓളം പൗരന്മാർ കപ്പലിലുണ്ടെന്നാണ് റിപ്പോർട്ട്. യുക്രൈയ്ൻ, ബൾഗേറിയ, ഫിലിപ്പീൻസ്, മെക്‌സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇസ്രയേൽ കപ്പലാണിതെന്ന് അവകാശപ്പെട്ടാണ് ഹൂതികൾ ‘ഗാലക്‌സി ലീഡർ’ എന്ന കപ്പൽ പിടിച്ചെടുത്തത്. ഈ കപ്പലിന്റെ ഉടമസ്ഥൻ ഒരു ഇസ്രയേലി ശതകോടീശ്വരൻ ആണെന്നാണ് വിവരം.

എന്നാൽ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ളതും ജപ്പാൻ നിയന്ത്രണത്തിലുമുള്ള ചരക്ക് കപ്പലാണ് ഹൂതികൾ പിടിച്ചെടുത്തതെന്നാണ് വാർത്തകളിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചിരിക്കുന്നത്. കപ്പൽ തങ്ങളുടേതല്ലെന്നും ആഗോള കപ്പൽപ്പാതയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികളാണ് ഈ സംഭവത്തിലൂടെ വ്യക്തമാക്കുന്നതെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.