ബാങ്കോക്ക്: 300 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് തായ്‌ലൻഡ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. കെടുതികളിൽപ്പെട്ട് ഇതുവരെ 18 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്.(Heaviest rain in 300 years, Thailand submerged, 18 dead)
മലേഷ്യൻ അതിർത്തിയോട് ചേർന്നുള്ള തെക്കൻ മേഖലയായ ഹാറ്റ് യായ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. ഈ മേഖല 300 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് അനുഭവിച്ചത്. വീടുകളും വാഹനങ്ങളും വെള്ളത്തിനടിയിലായി. പാതിയിലേറെ മുങ്ങിയ കെട്ടിടങ്ങളുടെ മുകളിൽ രക്ഷാപ്രവർത്തകരെ കാത്തിരിക്കുന്ന സാധാരണക്കാരുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് വൈദ്യുതി പോസ്റ്റുകളിൽ അഭയം തേടിയ കൗമാരക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
2 ദശലക്ഷത്തിലേറെ ആളുകളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു. 13,000 പേർ ഇതിനോടകം ഷെൽട്ടറുകളിൽ അഭയം തേടിയിട്ടുണ്ട്. സൈന്യം കപ്പലുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
3,000 പേർക്ക് ഒരു ദിവസം ഭക്ഷണം നൽകാൻ കഴിയുന്ന ഫീൽഡ് കിച്ചണും 14 ബോട്ടുകളും വിമാനങ്ങളും രക്ഷാപ്രവർത്തന രംഗത്തുണ്ടെന്ന് തായ് സൈനിക വക്താവ് അറിയിച്ചു. വിമാനവാഹിനിക്കപ്പലിനെ സഞ്ചരിക്കുന്ന ആശുപത്രിയാക്കി മാറ്റുമെന്നും സൈന്യം വ്യക്തമാക്കി.
സോംഗ്ലയെ ദുരിത ബാധിത പ്രദേശമായി ചൊവ്വാഴ്ച മന്ത്രിസഭ പ്രഖ്യാപിച്ചു. വിയറ്റ്നാംമിൽ മഴക്കെടുതിയിൽ 98 പേർ കൊല്ലപ്പെട്ടു. 19,000 പേരെ സ്വന്തം വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. വലിയ ഭൂരിപക്ഷം ആളുകളിലേക്കും സഹായം എത്തിയിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നു.