വാഷിങ്ടൺ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ 41 ദിവസം നീണ്ട ഷട്ട്ഡൗൺ അവസാനിപ്പിക്കാനുള്ള അന്തിമനീക്കങ്ങൾ തുടരുന്നു. യു.എസ്. സെനറ്റ് പാസാക്കിയ ധനാനുമതി ബിൽ ഇന്ന് ജനപ്രതിനിധിസഭയിൽ വോട്ടിനിടും. ഈ ബില്ലിൽ പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ സർക്കാർ സേവനങ്ങളുടെ അടച്ചുപൂട്ടലിന് ഔദ്യോഗികമായി വിരാമമാകും.(Final moves to end US shutdown, Senate passes funding bill in House of Representatives today)
നൂറംഗ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 അംഗങ്ങളുണ്ടായിട്ടും ബിൽ പാസാകാൻ 60 വോട്ടുകൾ ആവശ്യമായിരുന്നു. അപ്രതീക്ഷിതമായ കൂട്ടുകെട്ടിലൂടെയാണ് ബിൽ സെനറ്റ് കടന്നത്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ എട്ട് ഡെമോക്രാറ്റുകൾ ബില്ലിന് അനുകൂലമായി വോട്ടുചെയ്തത് നിർണായകമായി.
60–40 എന്ന നിലയിലാണ് ധനാനുമതി ബിൽ സെനറ്റിൽ പാസായത്. 40 ഡെമോക്രാറ്റുകൾ ബില്ലിനെ എതിർത്തു. ബിൽ ഇന്ന് ജനപ്രതിനിധിസഭയിൽ അവതരിപ്പിക്കുന്നതിനായി നിരവധി യു.എസ്. ജനപ്രതിനിധികൾ വാഷിങ്ടണിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്.
ഷട്ട്ഡൗൺ അവസാനിപ്പിക്കുന്നതിന് ഇനി രണ്ട് പ്രധാന നടപടിക്രമങ്ങളാണ് ശേഷിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിയ ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയിൽ ഇന്ന് ധനാനുമതി ബിൽ വോട്ടിനിടും. ഇവിടെ ബിൽ പാസാകാനാണ് സാധ്യത. ബിൽ പാസായാൽ അത് വൈറ്റ് ഹൗസിലേക്ക് അയക്കും. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെക്കുന്നതോടെ ഷട്ട്ഡൗൺ അവസാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാധിക്കും.