കൊളംബോ: 'ഡിറ്റ് വാ' ചുഴലിക്കാറ്റ് ശ്രീലങ്കയിൽ വൻ നാശനഷ്ടമുണ്ടാക്കി. ഒരാഴ്ചയോളം നിർത്താതെ പെയ്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 200-ലേറെ പേർ മരിച്ചതായി സ്ഥിരീകരിച്ചു. 191 പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയിലാണ് ഈ ദ്വീപ് രാഷ്ട്രം. ശ്രീലങ്കയിലെ ദുരന്ത നിവാരണ കേന്ദ്രത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 20,000 വീടുകൾ പൂർണ്ണമായി നശിച്ചു. 798,000 പേരെ ദുരന്തം ബാധിക്കുകയും 108,000 ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.(Cyclone Ditwah, Sri Lanka in fear)
പേമാരിയെ തുടർന്ന് പലയിടത്തും മണ്ണിടിച്ചിലുണ്ടായി. പല മേഖലകളിലേക്കും രക്ഷാപ്രവർത്തകർക്ക് ഇതുവരെ എത്തിച്ചേരാൻ സാധിച്ചിട്ടില്ല. അനുരാധപുര ജില്ലയിൽ കുടുങ്ങിയ 69 ബസ് യാത്രക്കാരെ 24 മണിക്കൂർ നീണ്ട കഠിന ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. കുറുനെഗല ജില്ലയിൽ വയോജന സംരക്ഷണ കേന്ദ്രത്തിലെ 11 താമസക്കാരടക്കം മരിച്ചവരിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ആഴ്ച ആരംഭിച്ച അതിശക്തമായ മഴ വ്യാഴാഴ്ചയോടെയാണ് കൂടുതൽ വഷളായത്. ഇതോടെ ഭരണകൂടം സ്കൂളുകളും ഓഫീസുകളും അടച്ചു, പരീക്ഷകൾ മാറ്റിവച്ചു. മിക്ക ഡാമുകളും നദികളും കരകവിഞ്ഞൊഴുകി. പാറകളും ചെളിയും മരങ്ങളും റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വീണതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. രാജ്യത്തിൻ്റെ മൂന്നിലൊന്ന് ഭാഗത്തും ഇപ്പോൾ കുടിവെള്ളം ലഭ്യമല്ല. പലയിടത്തും ഇൻ്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടു.
ഇപ്പോഴത്തെ സാഹചര്യം നേരിടാൻ വിദേശത്ത് ജോലി ചെയ്യുന്ന ശ്രീലങ്കക്കാരോട് അടക്കം ധനസഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യയുടെ സഹായവും ലങ്കയിലെത്തി. രണ്ട് വിമാനങ്ങളിലായി ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ ലങ്കയിലെത്തിച്ചു. രണ്ട് ഹെലികോപ്റ്ററുകളിലായി 22 പേരുടെ ദുരിതാശ്വാസ സംഘത്തെയും ലങ്കയിലേക്ക് അയച്ചു. സൗഹൃദ സന്ദർശനത്തിനായി നേരത്തെ കൊളംബോയിലെത്തിയ ഇന്ത്യൻ യുദ്ധക്കപ്പലും രക്ഷാപ്രവർത്തനങ്ങളിൽ ഭാഗമായി.
കൊളംബോയിൽ കുടുങ്ങിയ മലയാളികളെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും. 'ഡിറ്റ് വാ' ചുഴലിക്കാറ്റ് ഇന്ന് ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ചെന്നൈ വിമാനത്താവളം 54 വിമാന സർവീസുകൾ റദ്ദാക്കി. അടുത്ത 48 മണിക്കൂറിൽ ദക്ഷിണേന്ത്യയിൽ പലയിടത്തും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.