കൊളംബോ: ഡിറ്റ് വാ ചുഴലിക്കാറ്റ് സൃഷ്ടിച്ച കനത്ത നാശനഷ്ടങ്ങൾക്കും പ്രളയത്തിനും പിന്നാലെ ശ്രീലങ്കയിൽ ഡിസംബർ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മഴയിലും പ്രളയത്തിലുമായി മരണസംഖ്യ നൂറ് കടന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് ഡിസംബർ 16 വരെ സ്കൂളുകൾ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.(Cyclone Ditwah, Health emergency declared in Sri Lanka until December 4)
അതിശക്തമായ മഴയെ തുടർന്ന് കെലനി നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ തലസ്ഥാനമായ കൊളംബോ കടുത്ത പ്രളയഭീഷണിയിലാണ്. മുൻകരുതലിന്റെ ഭാഗമായി കൊളംബോ തുറമുഖം താത്കാലികമായി അടച്ചു. രാജ്യത്തുടനീളം 700-ൽ അധികം വീടുകൾ പൂർണ്ണമായി തകർന്നതായാണ് പ്രാഥമിക കണക്കുകൾ.
ദുരന്തമുഖത്തെ രക്ഷാപ്രവർത്തനങ്ങൾക്ക് കരുത്തായി ശ്രീലങ്കൻ ക്രിക്കറ്റ് ടീം നായകൻ ദസുൻ ശനക, ചരിത് അസലങ്ക ഉൾപ്പെടെയുള്ള താരങ്ങളും പങ്കുചേർന്നു. ദുരിതാശ്വാസ ക്യാമ്പുകളിലും പ്രളയബാധിത പ്രദേശങ്ങളിലും ഇവർ സജീവമായി പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് ആശ്വാസമായി. അതേസമയം, രക്ഷാപ്രവർത്തനത്തിന് അടിയന്തര സഹായം നൽകിയ ഇന്ത്യക്ക് ലങ്കൻ സർക്കാരും പ്രതിപക്ഷ പാർട്ടികളും നന്ദി അറിയിച്ചു.
ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്നാട്ടിലെ ഡെൽറ്റ ജില്ലകളിലും കനത്ത മഴ ആരംഭിച്ചു. മുൻകരുതലിന്റെ ഭാഗമായി ചെന്നൈയുൾപ്പെടെയുള്ള മേഖലകളിൽ വിമാന, ട്രെയിൻ സർവീസുകൾ വ്യാപകമായി റദ്ദാക്കിയിട്ടുണ്ട്. 54 എടിആർ (ATR) സർവീസുകൾ റദ്ദാക്കി. ഇൻഡിഗോ മാത്രം ചെന്നൈയിൽ നിന്ന് 36 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. രാമേശ്വരത്ത് നിന്നുള്ള ഒരു ട്രെയിൻ പൂർണ്ണമായി റദ്ദാക്കുകയും മറ്റ് 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിലെ 14 ജില്ലകളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) യും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (SDRF) സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.