കൊളംബോ: ഡിറ്റ് വാ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ അതിതീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ സ്ഥിതി അതീവ ഗുരുതരം. ഔദ്യോഗിക കണക്കുകൾ പ്രകാരം മരണം 100 കടന്നു. രാജ്യത്ത് ഏകദേശം രണ്ട് ലക്ഷം പേർ ദുരിതം അനുഭവിക്കുന്നതായും തലസ്ഥാനമായ കൊളംബോ പ്രളയ ഭീഷണിയിലാണെന്നും സർക്കാർ അറിയിച്ചു. അതേസമയം, ചുഴലിക്കാറ്റ് തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലും കേരളത്തിലും ജാഗ്രത ശക്തമാക്കി.(Cyclone Ditwah, Death toll in Sri Lanka crosses 100)
ദുരിതബാധിതരായ ശ്രീലങ്കൻ ജനതയ്ക്ക് പിന്തുണയുമായി ഇന്ത്യയുടെ കൂടുതൽ സഹായം ഇന്ന് എത്തും. ഓപ്പറേഷൻ സാഗർ ബന്ധുവിന്‍റെ ഭാഗമായാണ് ഇന്ത്യ സഹായമെത്തിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ പ്രതിരോധ സേനയുടെ യൂണിറ്റുകൾ ശ്രീലങ്കയിൽ സജീവമാണ്.
ചുഴലിക്കാറ്റ് നീങ്ങാൻ സാധ്യതയുള്ള കിഴക്കൻ തമിഴ്നാട്ടിലെ തീരദേശ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ കണക്കിലെടുത്ത് തമിഴ്നാട്ടിലെ ഡെൽറ്റ ജില്ലകളിലും പുതുച്ചേരിയിലും ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഒരു ട്രെയിൻ പൂർണമായും 11 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.
ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായിട്ടാണ് നിലവിൽ ഡിറ്റ് വാ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നത്. ഇത് വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്കൻ തീരവും സമീപപ്രദേശങ്ങളും കടന്ന് നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് – പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരള തീരത്തും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് (നവംബർ 29) രാത്രി 11.30 വരെ കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശാനുസരണം അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം. കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും യാത്രകളും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.