
ഇന്നത്തെ ലോകത്ത് വിമാന യാത്ര ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിൽ വിമാനത്താവളങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നിരുന്നാലും, വിമാനത്താവളങ്ങൾ ഇല്ലാത്ത ചില രാജ്യങ്ങളുണ്ട്! സ്ഥലപരിമിതി, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അയൽരാജ്യങ്ങളുമായുള്ള അടുത്ത ബന്ധം തുടങ്ങിയ കാരണങ്ങൾ ഈ രാജ്യങ്ങളെ വ്യോമയാന ഭൂപടത്തിൽ നിന്ന് മാറ്റി നിർത്തുന്നു. വിമാനത്താവളങ്ങൾ ഇല്ലാത്ത അഞ്ച് രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കിയാലോ. (Countries with no Airports)
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന് (Vatican City) സ്വന്തമായി ഒരു വിമാനത്താവളം ഇല്ല. ഇറ്റലിയുടെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമായ് വത്തിക്കാൻ നഗരത്തിലെ ജനസംഖ്യ തൊള്ളായിരത്തിൽ താഴെയാണ്.വിസ്തീർണ്ണത്തിലും ജനസംഖ്യയിലും ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രമാണ് വത്തിക്കാൻ. ഈ കുഞ്ഞൻ രാജ്യത്തിന്റെ മുഴുവൻ വിസ്തീർണം വെറും 0.44 ചതുരശ്ര കിലോമീറ്ററാണ്. വത്തിക്കാനിലേക്ക് യാത്ര ചെയ്യാൻ ആളുകൾ റോമിലെ സിയാംപിനോ അല്ലെങ്കിൽ ഫിയുമിസിനോ വിമാനത്താവളങ്ങളിൽ എത്തിച്ചേരുന്നു. അവിടെ നിന്ന് റോഡ് മാർഗം വത്തിക്കാനിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.
പടിഞ്ഞാറൻ യൂറോപ്പിലെ ചെറു രാഷ്ട്രമാണ് മൊണാക്കോ (Monaco). ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യം മൊണാക്കോയാണ്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ഈ രാജ്യം ആഡംബരത്തിനും കോടീശ്വരന്മാർക്കും പേര് കേട്ടതാണെങ്കിലും ഇവിടെയും വിമാനത്താവളങ്ങൾ ഇല്ല. ഫ്രാൻസിലെ നീസ് കോട്ട് ഡി അസൂർ എയർപോർട്ട് ആണ് ഏറ്റവും അടുത്തുള്ള പ്രധാന വിമാനത്താവളം. ഇവിടെ നിന്നും 30 മിനിറ്റ് റോഡ് യാത്രയിലൂടെ മൊണാക്കോയിൽ എത്തിച്ചേരുവാൻ കഴിയും.
ആൽപൈൻ പർവതനിരയിൽ, ഇറ്റലിയുടെ ഉള്ളിലായാണ് സാൻ മരീനോ (San Marino) സ്ഥിതിചെയ്യുന്നത്. ഇറ്റലിയാൽ പൂർണ്ണമായും ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ് സാൻ മറീനോ. ചരിത്രപരമായ പ്രാധാന്യത്താൽ ശ്രദ്ധേയമായ ഈ രാജ്യം യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന റിപ്പബ്ലിക്കുകളിൽ ഒന്നാണ്. ഈ രാജ്യത്തിന്റെയും താരതമ്യേന ചെറിയ വലിപ്പം കാരണം, ഇവിടെ ഒരു വിമാനത്താവളമില്ല.ഇറ്റലിയിലെ റിമിനി ഫെഡറിക്കോ ഫെല്ലിനി ഇന്റർനാഷണൽ എയർപോർട്ട് ആണ്.
ഓസ്ട്രിയയ്ക്കും സ്വിറ്റ്സർലൻഡിനും ഇടയിലുള്ള ആൽപൈൻ രാജ്യമാണ് ലിച്ചെൻസ്റ്റീൻ (Liechtenstein). ഉയർന്ന പർവതനിരകളും പരിമിതമായ സ്ഥലസൗകര്യവുമാണ് ഇവിടെ വിമാനത്താവളം ഇല്ലാത്തതിന്റെ പ്രധാന കാരണം. യൂറോപ്പിൽ രണ്ട് രാജ്യങ്ങളാൽ ചുറ്റപ്പെട്ട ഒരേയൊരു രാജ്യമാണ് ലിച്ചെൻസ്റ്റീൻ. സ്വിറ്റ്സർലൻഡിലെ സൂറിച്ച് എയർപോർട്ട് അല്ലെങ്കിൽ സെന്റ് ഗാലൻ-ആൾടെൻഹൈൻ എയർപോർട്ട് എന്നിവിടങ്ങളിൽ നിന്നാണ് യാത്രക്കാർ സാധാരണയായി ഇവിടേക്ക് എത്തുന്നത്.
450 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യമാണ് അൻഡോറ (Andorra). പൈറീനെസ്സ് പർവ്വത നിരകൾക്ക് സമീപത്തായി സ്പെയിനിനും, ഫ്രാൻസിനും ഇടയിലായാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ലോകത്ത് വിമാനങ്ങൾ ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ വിസ്തീർണ്ണം കൊണ്ടും ജനസംഖ്യ കൊണ്ടും ഏറ്റവും വലിയ രാജ്യം അൻഡോറയാണ്. എന്നാൽ, രാജ്യത്തെ ഉയരം കൂടിയ പർവതങ്ങളാൽ ചുറ്റപ്പെട്ട ഭൂപ്രകൃതി വിമാനത്താവള നിർമ്മാണത്തിന് അനുയോജ്യമല്ല. സ്പെയിനിലെ ബാർസലോണ-എൽ പ്രാറ്റ് എയർപോർട്ട് അല്ലെങ്കിൽ ഫ്രാൻസിലെ തൗലൂസ്-ബ്ലാങ്ക്നാക് എയർപോർട്ട് എന്നിവിടങ്ങളിലാണ് സഞ്ചാരികൾ എത്തുന്നത്. ഇവിടെ നിന്ന് ഏകദേശം മൂന്ന് മണിക്കൂർ റോഡ് യാത്ര ചെയ്താൽ അൻഡോറയിൽ എത്തിച്ചേരാൻ കഴിയും.