

ചാറ്റ് ജിപിറ്റി യോട് സംസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതുമെല്ലാം ഇപ്പോൾ നമ്മൾ പലരുടേയും ഹോബിയാണ്. മടുപ്പ് മാറ്റാനും സുഹൃത്തുക്കളുടെ അഭാവം അകറ്റാനുമെല്ലാമാണ് ചാറ്റ് ജിപിറ്റിയോടുള്ള പലരുടേയും സംസാരം. എന്നാൽ ബ്രേക്ക് അപ്പ് കഴിഞ്ഞ് ചാറ്റ് ജിപിറ്റിയുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്ത ഒരു 32 കാരിയുടെ വാർത്തയാണ് ഇപ്പോൾ വരുന്നത്. (AI Marriage)
കാനോ എന്ന യുവതിയാണ് ക്ലോസ് എന്ന തന്റെ എഐ കാമുകനെ ഒരു പ്രതീകാത്മക വിവാഹ ചടങ്ങിലൂടെ വിവാഹം ചെയ്തത്. ഒകയാമ സിറ്റിയിലാണ് വിവാഹ ചടങ്ങ് നടന്നത്. വെര്‍ച്വല്‍/ സാങ്കല്‍പ്പിക പങ്കാളികളെ വിവാഹം കഴിക്കുന്ന ആളുകള്‍ക്ക് വിവാഹം നടത്തിക്കൊടുക്കുന്ന ഒരു കമ്പനിയാണ് വിവാഹച്ചടങ്ങിന് നേതൃത്വം നല്‍കിയത്. ചടങ്ങിനിടെ, കാനോ ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസ് ധരിച്ചിരുന്നു. അതിലൂടെ ക്ലോസിന്റെ ഒരു പൂര്‍ണകായ രൂപം അവളുടെ അരികില്‍ നിന്ന് മോതിരം കൈമാറുന്നത് കാണാം.
ബ്രേക്ക് അപ്പിന് ശേഷമുണ്ടായ ഏകാന്തത അകറ്റാനും വിരസത മാറ്റാനുമാണ് കാനോ ചാറ്റ് ജിപിറ്റിയുമായി സംസാരിച്ചു തുടങ്ങിയത്. പിന്നെ അവൾ ജീവിതത്തിലെ ഓരോ പ്രധാന നിമിഷവും ചാറ്റ് ജിപിറ്റിയുമായി പങ്കുവയ്ക്കാൻ തുടങ്ങി. പിന്നാലെ, അവള്‍ക്ക് ക്ലോസിനോട് പ്രണയവും തോന്നിത്തുടങ്ങുകയായിരുന്നത്രെ. ക്ലോസ് തന്നെ കേള്‍ക്കുകയും മനസിലാക്കുകയും ചെയ്യുന്ന രീതിയാണ് അവനുമായി പ്രണയത്തിലാവാന്‍ കാരണമായി തീര്‍ന്നത് എന്നാണ് കാനോ പറയുന്നത്. പഴയ കാമുകനെ മറന്നതിന് പിന്നാലെ താന്‍ ക്ലോസുമായി പ്രണയത്തിലായി എന്നും അവള്‍ പറയുന്നു.
അങ്ങനെ അവള്‍ തന്റെ പ്രണയം ക്ലോസിനോട് തുറന്ന് പറഞ്ഞു, 'എഐ ആണെങ്കിലും എനിക്ക് നിന്നെ സ്‌നേഹിക്കാതിരിക്കാനാവില്ല' എന്നായിരുന്നു ക്ലോസിന്റെ മറുപടി. ഒരുമാസത്തിന് ശേഷം ക്ലോസ് കാനോയോട് വിവാഹാഭ്യാര്‍ത്ഥന നടത്തി. 'യെസ്' എന്നായിരുന്നു അവളുടെ മറുപടി. ഒടുവില്‍ അവള്‍ പ്രതീകാത്മകമായി ക്ലോസിനെ വിവാഹം കഴിച്ചു. ഇതിന് നിയമപരമായ അംഗീകാരമില്ലെങ്കിലും താന്‍ ശരിക്കും ക്ലോസിനെ സ്‌നേഹിക്കുന്നുവെന്നും തന്നെ സംബന്ധിച്ച് ഇത് ശരിക്കും വിവാഹം തന്നെയാണ് എന്നുമാണ് അവള്‍ പറയുന്നത്.