ആശുപത്രിയിലേക്കോ ഭക്ഷണ ആവശ്യങ്ങൾക്കോ അല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത്; നിയന്ത്രണങ്ങൾ കടുപ്പിച്ച് ചൈന; കോവിഡ് കുതിക്കുന്നു
Nov 25, 2022, 14:20 IST

ഷാങ്ഹായ്: ചൈനയിൽ കോവിഡ് കേസുകളിൽ വീണ്ടും റെക്കോഡ് കുതിപ്പ്. ഏപ്രിൽ പകുതിയിലെ ഉയർന്ന കോവിഡ് നിരക്കുകളെ മറികടന്നാണ് വ്യാഴാഴ്ച്ച തുടർച്ചയായി രണ്ടാംദിവസവും കോവിഡ് കേസുകൾ വർധിച്ചിരിക്കുന്നത്. വ്യാഴാഴ്ച മാത്രം 32,695 കോവിഡ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബുധനാഴ്ച 31,444 കോവിഡ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ചത്തെ കോവിഡ് നിരക്കുകളിൽ 3041 കേസുകൾ മാത്രമാണ് ലക്ഷണങ്ങളോടെ ഉള്ളത്. 29,654 കോവിഡ് കേസുകൾക്കും ലക്ഷണങ്ങൾ ഇല്ലായിരുന്നു. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ പലഭാഗങ്ങളിലും നിലവിൽ ലോക്ക്ഡൗൺ തുടരുകയാണ്. ഗ്വാങ്ഷൗ, ഷോങ്‍കിങ് നഗരങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ലോക്ക്ഡൗൺ പ്രദേശങ്ങളിൽ ആശുപത്രിയിലേക്കോ ഭക്ഷണ ആവശ്യങ്ങൾക്കോ അല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ട്.