50 കാരിയുടെ ലൈംഗിക അവകാശം പ്രധാനം യൂറോപ്യന്‍ മനുഷ്യാവകാശ കോടതി

പാരിസ്: പ്രായമായ സ്ത്രീയ്ക്ക് ലൈംഗികാവശ്യങ്ങള്‍ തീരെ കുറവായിരിക്കും എന്ന പോര്‍ച്ചുഗല്‍ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി.50 കാരിക്ക് നഷ്ടപരിഹാരം നല്‍കുന്ന കേസില്‍ ലിംഗപരമായ വിവേചനമുള്ള വിധി പുറപ്പെടുവിച്ച പോര്‍ച്ചുഗല്‍ ജഡ്ജിമാര്‍ കുറ്റക്കാരാണെന്നും യൂറോപ്യന്‍ മനുഷ്യാവകാശ കോടതി വിധിച്ചു.

രണ്ടുകുട്ടികളുടെ അമ്മയും 50കാരിയുമായ മരിയ മൊറൈസ് പോര്‍ച്ചുഗലിലെ ആശുപത്രിക്കെതിരെ കേസ് കൊടുത്തതാണ് വിധിയിലേക്ക് നയിച്ചത്. 1995ല്‍ തനിക്ക് ശസ്ത്രക്രിയ നടത്തിയതു വഴി സ്വാഭാവികമായ ലൈംഗിക ബന്ധം നടത്താന്‍ കഴിയാത്ത അവസ്ഥ വന്നു എന്നാണ് മരിയയുടെ പരാതി. ശാരീരികവും മാനസികവുമായി ഇവര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി അന്ന് വിധി പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ 2013ല്‍ നഷ്ടപരിഹാരത്തുക മൂന്നിലൊന്നായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി ലിസ്ബണ്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രായമായ സ്ത്രീകള്‍ക്ക് ലൈംഗികത പ്രധാനമല്ലെന്ന് പറഞ്ഞു കൊണ്ട് ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. രണ്ട് പുരുഷ ജഡ്ജിമാരും ഒരു വനിത ജഡ്ജിയും ഉള്‍പ്പെടുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മൂവരും 50 കഴിഞ്ഞവരാണെന്നതും ശ്രദ്ധേയമാണ്. ഈ വിധിയും വിധിയെ സാധൂകരിക്കുന്ന കോടതി പ്രസ്താവനയും പോര്‍ച്ചുഗലില്‍ വലിയ വിവാദത്തിനാണ് തിരി കൊളുത്തിയത്.

പോര്‍ച്ചുഗീസ് ജഡ്ജിമാര്‍ മുന്‍വിധിയോടെയാണ് വിഷയത്തെ സമീപിച്ചതെന്നും സ്ത്രീയുടെ സ്വകാര്യതയെയും കുടുംബ ജീവിതം നയിക്കാനുള്ള അവകാശത്തെയും ഉത്തരവിലൂടെ കോടതി ലംഘിച്ചുവെന്നും യൂറോപ്യന്‍ മനുഷ്യാവകാശ കോടതി നിരീക്ഷിച്ചു. പോര്‍ച്ചുഗല്‍ കോടതിയുടെ വിധി സ്ത്രീകളുടെ ലൈംഗികാവകാശത്തെ അവഗണിച്ചുവെന്നും കോടതി വിലയിരുത്തി. പോര്‍ച്ചുഗല്‍ സ്ത്രീക്ക് 2.43 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി വിധിച്ചു. യൂറോപ്യന്‍ മനുഷ്യാവകാശ കോടതി വിധിക്ക് നേരെ പോര്‍ച്ചുഗല്‍ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Share this story