വാഷിങ്ടൺ: പ്രമുഖ തീവ്ര വലതുപക്ഷ വക്താവ് ചാർളി കിർക്കിന്റെ കൊലപാതകത്തിന് പിന്നാലെ, യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാല് ഇടതുപക്ഷ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. യൂറോപ്പിലെ ഇടതുപക്ഷ ഗ്രൂപ്പുകൾക്കെതിരെ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ പുതിയ പ്രഖ്യാപനം. അമേരിക്കൻ മണ്ണിൽ ഈ ഗ്രൂപ്പുകളെല്ലാം നിലവിൽ നിർജീവമാണ്. ഇവ,( 4 European left-wing groups added to US terror list)
ഇറ്റാലിയൻ അനാർക്കിസ്റ്റ് ഫ്രണ്ട്: 2003-ൽ അന്നത്തെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റിന് സ്ഫോടക ദ്രവ്യങ്ങളടങ്ങിയ പാക്കേജുകൾ അയച്ചതായി ആരോപിക്കപ്പെടുന്ന ഗ്രൂപ്പ്.
രണ്ട് ഗ്രീക്ക് നെറ്റ്‌വർക്കുകൾ: ഏഥൻസിലെ പോലീസ്, തൊഴിൽ വകുപ്പ് കെട്ടിടങ്ങൾക്ക് പുറത്ത് ബോംബുകൾ സ്ഥാപിച്ചതായി സംശയിക്കപ്പെടുന്ന രണ്ട് ഗ്രീക്ക് നെറ്റ്‌വർക്കുകൾ.
ഒരു ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പ്: ഡ്രെസ്‌ഡനിൽ നവ-നാസികൾക്കെതിരെ നടത്തിയ ആക്രമണങ്ങളെ തുടർന്ന് ജർമ്മൻ അധികാരികൾ അംഗങ്ങളെ പ്രോസിക്യൂട്ട് ചെയ്ത ഒരു ഫാസിസ്റ്റ് വിരുദ്ധ സംഘടന, എന്നിവയാണ്.
'ഭാവി അമേരിക്കൻ പ്രസിഡന്റ്', 'ട്രംപിന്റെ വിശ്വസ്തൻ' എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ട ചാർളി കിർക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് വെടിയേറ്റ് മരിച്ചത്. കടുത്ത യാഥാസ്ഥിതിക- വലത് ആശയങ്ങളുടെ പ്രമുഖ വക്താവായിരുന്നു കിർക്ക്. 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ' (MAGA) പ്രസ്ഥാനത്തിന്റെ പ്രധാന പ്രചാരകരിൽ ഒരാളായിരുന്നു ഇദ്ദേഹം.
ഡിജിറ്റൽ യുഗത്തിൽ അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിൽ കിർക്ക് നിർണായക പങ്ക് വഹിച്ചു. ക്രിസ്ത്യൻ നാഷണലിസം, ഫ്രീ മാർക്കറ്റ്, കുടുംബ മൂല്യങ്ങൾ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രചാരണ വിഷയങ്ങൾ. ഈ കൊലപാതകത്തിന് പിന്നാലെയാണ് തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകൾക്കെതിരെ ട്രംപ് ഭരണകൂടം ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്.