Times Kerala
കണികാണലും കൈനീട്ടവും മാത്രമല്ല, പഴമക്കാർ കാത്തുസൂക്ഷിച്ച അപൂർവ്വമായ ചില വിഷു ആചാരങ്ങളിലൂടെ ഒരു യാത്ര.
വിഷുദിവസം ചക്കയെ 'പനസം' എന്നാണ് വിളിക്കുന്നത്. ചക്കയുടെ എല്ലാ ഭാഗങ്ങളും (ചുള, കുരു, കൂഞ്ഞ്, മടൽ, മുള്ള്) ചേർത്തുണ്ടാക്കുന്ന സ്പെഷ്യൽ ചക്ക എരിശ്ശേരിയാണ് അന്നത്തെ താരം. വള്ളുവനാടൻ ഭാഗങ്ങളിൽ വാഴപ്പോളയിൽ വെച്ച് പ്ലാവില കോട്ടി കുടിക്കുന്ന കഞ്ഞിസദ്യയും പ്രശസ്തമാണ്.
തൃശ്ശൂർ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വിഷുദിനത്തിലെ പ്രധാന വിഭവമാണ് വിഷുക്കട്ട. പുന്നെല്ലിന്റെ അരി നാളികേരപ്പാലിൽ ജീരകം ചേർത്ത് വേവിച്ച് വറ്റിച്ചെടുക്കുന്ന ഈ വിഭവം, ശർക്കര പാനിയോ മത്തൻ കറിയോ കൂട്ടി കഴിക്കുമ്പോൾ അസാധ്യ രുചിയാണ്!
വിഷുസദ്യയ്ക്ക് മുൻപ് കർഷകർ നടത്തുന്ന ചടങ്ങാണ് ചാലിടീൽ. കന്നുകാലികളെ കുളിപ്പിച്ച് കൊന്നപ്പൂക്കളാൽ അലങ്കരിച്ച് ഭൂമി ഉഴുതുമറിക്കുന്നു. അവിൽ, മലർ, ഓട്ടട എന്നിവ ഭൂമിദേവിക്ക് നേദിച്ച് പുതിയ കാർഷിക ഉപകരണങ്ങൾ തൊട്ടു വന്ദിക്കുന്ന മനോഹരമായ ചടങ്ങ്.
സദ്യയ്ക്ക് ശേഷം പറമ്പ് കൃഷിക്ക് തുടക്കമിടുന്ന ചടങ്ങാണിത്. പുതിയ കൈക്കോട്ട് പൂജിച്ച് വീടിന്റെ കിഴക്ക്-പടിഞ്ഞാറ് ഭാഗത്ത് മണ്ണ് കൊത്തിക്കിളക്കുന്നു. അവിടെ നവധാന്യങ്ങളും പച്ചക്കറി വിത്തുകളും നട്ട് സമൃദ്ധമായ ഒരു വിളവെടുപ്പിനായി പ്രാർത്ഥിക്കുന്നു.
വിഷുവിന്റെ തലേദിവസം (സംക്രാന്തി) വൈകുന്നേരം വീടും പരിസരവും വൃത്തിയാക്കി ഉപയോഗശൂന്യമായവ കത്തിച്ചുകളയുന്നു. ഇതിനെയാണ് വിഷുക്കരിക്കൽ എന്ന് പറയുന്നത്. ഇതിന് പിന്നാലെയാണ് പടക്കം പൊട്ടിക്കലും ആഘോഷാരവങ്ങളും തുടങ്ങുന്നത്.