യു.എസില്‍ സാമ്പത്തിക പ്രതിസന്ധി;പ്രവര്‍ത്തന ബജറ്റ് സെനറ്റില്‍ പാസായില്ല

ന്യൂയോര്‍ക്ക്: കുടിയേറ്റ പ്രശ്‌നത്തിലും സര്‍ക്കാര്‍ പ്രവര്‍ത്തന ബജറ്റിലും സെനറ്റ് തീരുമാനത്തിലെത്താത്തതോടെ യു.എസ് സര്‍ക്കാര്‍ പ്രവര്‍ത്തന രഹിതമായി.

അടുത്ത നാലാഴ്ച പ്രവര്‍ത്തിക്കാനുള്ള ബില്ലിനെ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ സെനറ്റില്‍ എതിര്‍ത്തതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.

ട്രംപ് ഭരണത്തിലേറി ഒരു വര്‍ഷമാവുന്നതിനിടെയാണ് പ്രതിസന്ധി നേരിട്ടിരിക്കുന്നത്.കുറച്ചു ദിവസത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ പ്രതിസന്ധി ബാധിക്കും. ട്രഷറിയില്‍ നിന്നുള്ള ധനവിനിമയം പൂര്‍ണമായും മുടങ്ങുകയും ചെയ്യും.

ഫെഡറല്‍ സര്‍ക്കാര്‍ സംവിധാനത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ ബജറ്റാണ് സെനറ്റില്‍ പാസാക്കിയെടുക്കാനാവാത്തത്. ഇതോടെ അര്‍ധരാത്രി 12.01 മുതല്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം നിലച്ചു.

ലോവര്‍ ചേംബറായ ഹൗസില്‍ വ്യാഴാഴ്ച പാസായ ബില്ലാണിത്. എന്നാല്‍ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ മുന്നേറ്റത്തെ തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള സെനറ്റില്‍ ബില്ലിനെ എതിര്‍ത്തത്.

Share this story