‘വായു’ ഗതിമാറി; ഭീതി ഒഴിഞ്ഞ് ഗുജറാത്ത്

‘വായു’ ഗതിമാറി; ഭീതി ഒഴിഞ്ഞ് ഗുജറാത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ മുൾമുനയിൽ നിർത്തിയ വായു ചുഴലിക്കൊടുങ്കാറ്റിന്റെ ദിശമാറി. കാറ്റ് ഗുജറാത്ത് തീരം തൊട്ടില്ല. വെരാവൽ ദ്വാരക തീരങ്ങൾക്ക്  സമാന്തരമായി വടക്കു-പടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചാരപദം മാറി. ആഘാതം കുറഞ്ഞെങ്കിലും മേഖലയിൽ അതിശക്തമായ മഴയും കാറ്റും ഉയർന്ന തിരമാലകളും തുടരുകയാണ്.

ദിശമാറി ഗുജറാത്ത് തീരത്തിന് സമാന്തരമായി സഞ്ചരിക്കുന്ന കാറ്റിന്റെ വേഗം മണിക്കൂറിൽ 130 കിലോമീറ്ററായി കുറഞ്ഞു. കച്ച്, സൗരാഷ്ട്ര, പോർബന്തർ, ദ്വാരക, വെരാവൽ തീരങ്ങളിൽ കനത്തമഴ തുടരുകയാണ്. മൂന്നു ദിവസം വരെ ശക്തമായ കാറ്റോട് കൂടിയ മഴ നീണ്ടു നിൽക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതുവരെ കാര്യമായ നാശനഷ്ടങ്ങളോ ആൾനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിലെ സഞ്ചാരപാതയനുസരിച്ച് ചുഴലിക്കാറ്റ് പാക്കിസ്ഥാൻ  തീരത്തടുക്കുമെന്നാണ് ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

അതേസമയം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ മൂന്നുലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. സംസ്ഥാനത്ത് വ്യോമ – തീവണ്ടി ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. തീര സംരക്ഷണ സേന, കരസേന, നാവിക സേന, ദുരന്ത നിവാരണ സേന എന്നിവയുടെ വലിയൊരു സംഘത്തെയും സംസ്ഥാനത്ത് വിന്യസിച്ചിരുന്നു. ഉച്ചയോടെ ഗുജറാത്ത് തീരം തൊടുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രവചനം.

Share this story