ഹൈദരാബാദിൽ പതിനേഴുകാരിയെ കാമുകൻ കൊലപ്പെടുത്തി

ഹൈദരാബാദ്: കാമുകിയായ 12ാം ക്ലാസുകാരിയെ കാമുകൻ കൊലപ്പെടുത്തി. ഹൈദരാബാദിലെ മാഡിനഗുഡയിലാണ് സംഭവം. പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിനു പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിനങ്ങനെ: മിയാപ്പൂർ സ്വദേശിനിയായ ചാന്ദ്നി ജെയ്ൻ എന്ന പെൺകുട്ടി മൂന്ന് വർഷത്തോളമായി സായ് കിരൺ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരും ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചവരാണ്. എന്നാൽ, അടുത്തകാലത്തായി പ്രതി പെൺകുട്ടിയെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ചാന്ദ്നി പിന്മാറാൻ തയാറല്ലായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് നിരന്തരം യുവാവിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഇതേത്തുടർന്നാണ് പെൺകുട്ടിയെ ഏതുവിധേനയും ഒഴിവാക്കാൻ സായ്കിരൺ തീരുമാനിച്ചത്. കഴിഞ്ഞ ശനിയാഴ്ച പെൺകുട്ടിയെ സ്നേഹം നടിച്ച് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവരികയും അമീൻപൂരിലെ കുന്നിൻ മുകളിലെത്തിക്കുകയും ചെയ്തു. ഇവിടെ വച്ച് യുവാവ്, പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടങ്കിലും പെൺകുട്ടി വഴങ്ങിയില്ല. ഇതിന്‍റെ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പിന്നാലെ ഇയാൾ ചാന്ദ്നിയെ കുന്നിന്‍റെ മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം, സുഹൃത്തുക്കളെ കാണാനെന്നു പറഞ്ഞ് വീട്ടിൽ നിന്ന് പോയ പെൺകുട്ടിയെ ഏറെ വൈകിയിട്ടും കാണാഞ്ഞതിനേത്തുടർന്ന് ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുന്നിനു സമീപത്തെ റോഡരികിലുള്ള കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസിന്വേഷണത്തിൽ നിർണായകമായത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നും പോലീസ് അധികൃതർ അറിയിച്ചു.

അതേസമയം, യുവാവ് ഒറ്റയ്ക്കായിരിക്കില്ല കൃത്യം നടത്തിയതെന്നും ഇയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടാകാമെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.

Share this story