ഹരിതകേരളം സാധ്യമാക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം: വിദ്യാഭ്യാസ മന്ത്രി

വായുവും വെള്ളവും മണ്ണും മലിനമായി മനുഷ്യജീവിതം ദുരിതപൂര്‍ണമാകുന്ന അവസ്ഥയില്‍നിന്നു രക്ഷനേടേണ്ടതിനെക്കുറിച്ച് എല്ലാവരും ചിന്തിക്കേണ്ട കാലമാണിതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. ഹരിതകേരളം മിഷന്‍ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കുന്ന ഹരിതോത്സവം പരിപാടിയുടെ ഉദ്ഘാടനം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹരിതകേരളം എന്ന ലക്ഷ്യം സാധ്യമാക്കാന്‍ എല്ലാവരും ഒരേ മനസ്സോടെ രംഗത്തിറങ്ങണം.

ഓരോ നിമിഷവും തകരാറിലായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയെ രക്ഷിച്ചെടുക്കുന്നതിനാണ് വിദ്യാലയങ്ങളില്‍നിന്ന് ഒരു കര്‍മപദ്ധതി നടപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പ് പരിപാടികള്‍ ആസൂത്രണം ചെയ്തത്. ഭൂമിയിലെ വൈവിധ്യം നിലനിര്‍ത്തുകയാണ് നമ്മുടെ തലമുറയുടെ കടമ. അതിനാല്‍ ഹരിതോത്സവത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

ഹരിതകേരളം മിഷന്‍ പ്രസിദ്ധീകരിച്ച ഹരിതോത്സവം കൈപ്പുസ്തകം സ്‌കൂള്‍ ചെയര്‍മാന്‍ നസ്രീന്‍, സെക്രട്ടറി ആഭ എന്നിവര്‍ക്കു നല്‍കി മന്ത്രി പ്രകാശനം ചെയ്തു. മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ സ്വച്ഛത ഹി സേവാ പ്രതിജഞ ചൊല്ലിക്കൊടുത്തു. മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍, ഹരിതോത്സവം അക്കാഡമിക് ഗ്രൂപ് കണ്‍വീനര്‍ ജോജി കൂട്ടുമ്മേല്‍,പിടിഎ പ്രസിഡന്റ് എസ് പ്രദീപ്കുമാര്‍, പ്രിന്‍സിപ്പല്‍ പി.വി. ഷീജ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this story