സുനിയെ കളമശേരി ജയിലിൽ നിന്നും മാറ്റാൻ കോടതി ഉത്തരവ്

കൊച്ചി: യുവനടിയെ ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ കളമശേരി ജയിലിൽ നിന്നും മാറ്റാൻ കോടതി ഉത്തരവ്. ജയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സുനി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്. വിയ്യൂർ സെൻട്രൽ ജയിലേയ്ക്കാണ് സുനിയെ മാറ്റുന്നത്.

കളമശേരി ജയിലിൽ തനിക്കെതിരേ ആക്രമണമുണ്ടാകുന്നുണ്ടെന്നും തടവുകാരും ജയിൽ ജീവനക്കാരും മർദ്ദിക്കുന്നുവെന്നുമാണ് ജയിൽ മാറ്റം ആവശ്യപ്പെടാനുള്ള കാരണമായി സുനി പറയുന്നത്. ഇക്കാര്യം പരിഗണിച്ച് ജയിൽ മാറ്റത്തിന് കോടതി ഉത്തരവിടുകയായിരുന്നു.

നേരത്തെ കസ്റ്റഡിയിൽ പോലീസ് തന്നെ മർദ്ദിക്കുന്നുവെന്ന ആരോപണവും സുനി ഉയർത്തിയിരുന്നു. ജയിലിൽ ഏത് തരത്തിലുള്ള ആക്രമണമാണ് ഉണ്ടായതെന്ന കാര്യം സുനി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നില്ല.

Share this story