ഭാര്യ തെരഞ്ഞെടുപ്പില്‍ തോറ്റതിന് പതിമൂന്നുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

റാഞ്ചി: പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭാര്യ തോറ്റതിന് പതിമൂന്നുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ പകുര്‍ ജില്ലയിലാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് പ്രേം ലാല്‍ ഹന്‍സ്ഡ, സഹോദരങ്ങളായ സാമുവേല്‍ ഹന്‍സ്ഡ, കാത്തി ഹന്‍സ്ഡ, ശിശു ഹന്‍സ്ഡ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി എട്ടിന് ആറുമണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടി തിരിച്ചെത്താതായതോടെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെ അടുത്ത ദിവസം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

പ്രതികളില്‍ ഒരാളായ പ്രേംലാലിന്റെ ഭാര്യ അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച തോറ്റിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം വോട്ടു ചെയ്യാത്തതു മൂലമാണ് ഭാര്യ പരാജയപ്പെട്ടതെന്ന് പ്രേംലാല്‍ ആരോപിച്ചിരുന്നു. ഇതിനു പ്രതികാരമായിട്ടാണ് ഇയാള്‍ സംഘം ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും പീഡിപ്പിക്കുകയും ചെയ്തത്.

കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനത്തില്‍ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് സുപ്രണ്ട് ശൈലേന്ദ്ര ബേണ്‍വല്‍ പറഞ്ഞു. പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

Share this story