ബംഗാളിനെ ഗുജറാത്താക്കാൻ നോക്കേണ്ട; തകര്‍ക്കപ്പെട്ട ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ പുന:സ്ഥാപിച്ചു, രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയ ഗവര്‍ണര്‍ക്കെതിരെയും ആഞ്ഞടിച്ചു മമത

ബംഗാളിനെ ഗുജറാത്താക്കാൻ നോക്കേണ്ട; തകര്‍ക്കപ്പെട്ട ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ പുന:സ്ഥാപിച്ചു, രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയ ഗവര്‍ണര്‍ക്കെതിരെയും ആഞ്ഞടിച്ചു മമത

ബാംഗാളില്‍ തെരഞ്ഞെടുപ്പ് കാലത്തെ സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ പുന:സ്ഥാപിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി പുതിയ പ്രതിമ അനാഛാദനം ചെയ്തു. സംസ്ഥാനങ്ങളുടെ വിധിയെന്താകണമെന്ന് തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിക്കില്ലെന്നും ബംഗാളിനെ ഗുജറാത്താക്കാനാണ് ബിജെപിയുടെ ശ്രമമെന്നും മമത ബാനര്‍ജി ആരോപിച്ചു. രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയ ഗവര്‍ണര്‍ക്കെതിരെയും മമത തുറന്നടിച്ചു.

വിദ്യാസാഗര്‍ കോളജിനകത്തെ പ്രതിമ തകര്‍ക്കപ്പെട്ട് ഒരു മാസത്തിനകമാണ് അതേ സ്ഥലത്ത് പുനസ്ഥാപിച്ചിരിക്കുന്നത്. എട്ടരയടി ഉയരമുള്ള ഫൈബര്‍ ഗ്ലാസ് പ്രതിമയുമായി കൊല്‍ക്കത്ത നഗരത്തില്‍ പദയാത്ര നടത്തിയ ശേഷം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനാഛാദനം നിര്‍വ്വഹിച്ചു. സിനിമ താരങ്ങളും എഴുത്തുകാരുമുള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ചടങ്ങില്‍ മമത ബാനര്‍ജി ഉന്നയിച്ചു. എല്ലാ ഭരണഘടന പദവികള്‍ അതിന്‍റേതായ പരിമിതികളുണ്ടെന്ന് മനസ്സിലാക്കണമെന്ന് ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയെ സൂചിപ്പിച്ച് മമത പറഞ്ഞു. ജയിലിടച്ചാലും ബംഗാളിനെ ഗുജറാത്താക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കും.

തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ സംഘര്‍ഷങ്ങളില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടതെന്നും അതില്‍ എട്ടും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും മമത കൂട്ടിച്ചേര്‍ത്തു. വിദ്യസാഗര്‍ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ശക്തമായ രാഷ്ട്രീയ ആരോപണ പ്രത്യാ‌രോപണങ്ങള്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ഉയര്‍ത്തിയിരുന്നു. ഒരു മാസത്തിന് ശേഷം കേസില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ മാത്രമാണ് അറസ്റ്റിലായത്.

Share this story