പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അശ്ലീല വീഡിയോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു;മലയാളി യുവാവ് സൗദി ജയിലില്‍

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അശ്ലീല വീഡിയോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത മലയാളി യുവാവ് ഒരു മാസമായി സൌദിഅറേബ്യയില്‍ ജയിലില്‍. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയാണ് അറസ്റ്റിലായി ഒരു മാസമായി റിയാദ് ,മലസ് ജയിലിൽ കഴിയുന്നത്.

സ്വന്തം ഫെയ്‌സ്ബുക്ക് ഐഡിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തുവെന്നാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. എന്നാൽ താനിത് മനപ്പൂർവം ചെയ്തതല്ലെന്നാണ് യുവാവ് പോലീസിൽ പറഞ്ഞിട്ടുള്ളത്. അതേസമയം യുവാവിന്‍റെ മൊബൈൽ ഫോണിൽ സ്വന്തം ഫെയ്‌സ്ബുക്കിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് പോലീസ് കണ്ടെത്തി.

പൊതുജന പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും വൈകാതെ കേസ് കോടതിയിൽ വിചാരണക്കെത്തുമെന്നും ഈ വിഷയത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ശിഫ പോലീസ് സ്‌റ്റേഷനിൽ നിന്ന് വിവരം ലഭിച്ചതായി റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി ജീവകാരുണ്യവിഭാഗം കൺവീനർ സിദ്ദീഖ് തുവ്വൂർ പറഞ്ഞു.

വീഡിയോ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച ഫെയ്‌സ്ബുക്ക് ഐഡി, ഇന്റർനെറ്റ് കണക്ഷൻ, മൊബൈൽ ഫോൺ എന്നിവ വഴിയാണ് ഇയാളെ പോലീസ് പിന്തുടർന്നെത്തി പിടികൂടിയത്.

 

Share this story