പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഡോക്ടർ മരിച്ചു

പാലക്കാട്: അമിത വേഗത്തിൽ ഓടിച്ച കാർ ബൈക്കിൽ ഇടിച്ച് ഡോക്ടർ മരിച്ചു. തൃശൂർ സ്വദേശിയും പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോക്ടർ നവീൻ കുമാറാണ് മരിച്ചത്. നവീനൊപ്പം ബൈക്കിലുണ്ടായിരുന്ന ഭാര്യ ഡോ.ജയശ്രീയും മകനും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

പാലക്കാട് നഗരത്തിൽ ശനിയാഴ്ച രാത്രി 10 മണിക്കാണ് അപകടം നടന്നത്. കുടുംബത്തിനൊപ്പം പോകവെ എതിർ ദിശയിൽ നിന്ന് അമിതവേഗത്തിൽ എത്തിയ കാർ നിയന്ത്രണം നഷ്ടമായി ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. റോഡിൽ തലയടിച്ച് വീണ നവീനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒറ്റപ്പാലം ലക്കിടി സ്വദേശി നാലകത്ത് സുലൈമാന്റെ ഉടമസ്ഥതിലുള്ളതാണ് കാർ. പാലക്കാട് കുറിശ്യാംകുളം സ്വദേശിയായ പതിനേഴു വയസുകാരൻ കാർ വാടകയ്ക്ക് കൊണ്ടുപോവുകയായിരുന്നു. വാഹന ഉടമയെയും പതിനേഴുകാരനെയും പ്രതികളാക്കി പൊലീസ് കേസെടുത്തു.

Share this story