നിപാ വൈറസുള്ള മാമ്പഴം മോഹനനല്ല ആര് കഴിച്ചാലും രോഗം വരും; വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

നിപാ വൈറസുള്ള മാമ്പഴം മോഹനനല്ല ആര് കഴിച്ചാലും രോഗം വരും; വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപയുടേയും മഴക്കാല രോഗങ്ങളുടേയും പശ്ചാത്തലത്തില്‍ വ്യാജ പ്രചരണവുമായി ഇറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.

കഴിഞ്ഞ തവണ നിപ വന്നപ്പോള്‍ വ്യാജ പ്രചരണങ്ങളുമായി ഇറങ്ങിയവരെല്ലാം ഇപ്പോഴും സജീവമാണല്ലോയെന്നും ഇവരെ എങ്ങനെയാണ് നേരിടാന്‍ പോകുന്നത് എന്ന ചോദ്യത്തിന് ” ഇവരെ സ്ഥിരമായി ജയിലില്‍ പിടിച്ചിടാനുള്ള നിയമമൊന്നും ഇല്ലല്ലോയെന്നും അതിന്റെ ആവശ്യവുമില്ലെന്നും മറിച്ച് ഇവരെ തിരുത്തുകയാണ് വേണ്ടത് എന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

” കഴിഞ്ഞ തവണ നമ്മള്‍ ഇവര്‍ക്കെതിരെ നടപടിയെടുത്തു. അപ്പോള്‍ കുറച്ചുകാലം ശാന്തമായിട്ടിരുന്നു. കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. അതിന്റെ ഒരു കാലാവധി കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും ഇറങ്ങാന്‍ തുടങ്ങി. ഇത്തവണ വളരെ ശക്തമായ നടപടികള്‍ വരും. ഇനി അത്തരത്തിലുള്ള വൃത്തികെട്ട പ്രചരണം ആരെങ്കിലും നടത്തിയാല്‍ പിടികൂടും. കരുതിയിരുന്നോളൂ. കഴിഞ്ഞ തവണ മോഹനന്‍ മാമ്പഴമൊക്കെ കടിച്ചു കാണിച്ചിട്ട് ഇങ്ങനെ എല്ലാവരും ചെയ്‌തോളൂ എന്ന് പറയുന്നത് കേട്ടു. എന്തൊരു അപകടകാരിയാണ്. ചിലപ്പോള്‍ വവ്വാല്‍ കടിച്ച മാമ്പഴം കടിച്ചാല്‍ പോലും ഒന്നും വരില്ല. കാരണം അതില്‍ ഈ വൈറസ് ഉണ്ടാവില്ല. കാലക്കേടിന് കടിച്ച കൂട്ടത്തില്‍ ഒന്നില്‍ വൈറസ് ഉള്ളതാണെങ്കില്‍ മോഹനനല്ല ആരായാലും ശരിയാകും. അത് പാടില്ല എന്ന് ഞങ്ങള്‍ പറയുമ്പോള്‍ ഇയാള്‍ ഒരു പ്രതികാരം പോലെ ഇരുന്നിട്ട് ശൈലജ ടീച്ചര്‍ ഇങ്ങനെയൊക്കെ പറയുന്നു പക്ഷേ നോക്കൂ ഞാന്‍ ഇത് കഴിച്ചിട്ട് ഒന്നും സംഭവിച്ചിട്ടില്ല എന്ന പറഞ്ഞ് നില്‍ക്കുകയാണ്. അപ്പോള്‍ അതൊന്നും വിശ്വസിച്ചിട്ട് ആളുകള്‍ അതിന്റെയൊന്നും പിറകെ പോകരുത്”-.ശൈലജ ടീച്ചര്‍ പറഞ്ഞു.

Share this story