നവയുഗവും ഇന്ത്യൻ എംബസ്സിയും കൈകോർത്തു: അൽഹസ്സ വനിതാ അഭയകേന്ദ്രത്തിൽ നിന്നും രണ്ടു മലയാളികൾ ഉൾപ്പെടെ പത്തു ഇന്ത്യൻ വനിതകൾ നാട്ടിലേയ്ക്ക് മടങ്ങി

അൽഹസ്സ: നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗവും, ഇന്ത്യൻ എംബസ്സിയും സംയുക്തമായി നടത്തിയ പരിശ്രമങ്ങൾക്ക് ഒടുവിൽ, അൽഹസ്സ വനിതാ അഭയകേന്ദ്രത്തിൽ നിന്നും രണ്ടു മലയാളികൾ ഉൾപ്പെടെ പത്ത് ഇന്ത്യൻ വനിതകൾ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

നവയുഗം അൽഹസ്സ മേഖല ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി, മേഖല രക്ഷാധികാരി ഹുസ്സൈൻ കുന്നിക്കോട് എന്നിവരുടെ ദീർഘകാലമായ പരിശ്രമത്തിനൊടുവിലാണ്, ഇന്ത്യൻ എംബസ്സി അധികൃതരുടെ കൂടി സഹായത്തോടെ ഇവർക്ക് മടങ്ങാനായത്.

തിരുവനന്തപുരം സ്വദേശിനികളായ ഹലീമ റഹീം, ഷഹുബാനത്ത് എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയ മലയാളികൾ. ഉത്തരപ്രദേശ് സ്വദേശിനി സുമരത്നം, ഹൈദരാബാദ് സ്വദേശിനി സോജ, എന്നിവരുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള എട്ടുപേരും മടങ്ങിയവരിൽ ഉൾപ്പെടുന്നു.

ഷഹുബാനത്ത്, സുമരത്നം, സോജ എന്നിവരെ ഖത്തർ വിസയിൽ കൊണ്ടുവന്ന് സൗദിയിൽഅനധികൃതമായി എത്തിച്ചു ജോലി ചെയ്യിയ്ക്കുകയായിരുന്നു. ഖത്തറും സൗദിയും തമ്മിൽ പ്രശ്‌നം ഉണ്ടായപ്പോൾ, സ്പോൺസർ ഇവരെ അൽഹസ്സ വനിതാ അഭയകേന്ദ്രത്തിൽ ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു. അതുപോലെ വിവിധങ്ങളായ തൊഴിൽ, വിസ പ്രശ്നങ്ങളിൽപ്പെട്ടവരാണ് നാട്ടിലേയ്ക്ക് മടങ്ങിയവർ.

ഇവരുടെ സ്പോണ്സര്മാരുമായി നവയുഗം ജീവകാരുണ്യപ്രവർത്തകർ നടത്തിയ ഒത്തുതീർപ്പ് ചർച്ചകളെത്തുടർന്നാണ് നാട്ടിലേയ്ക്ക് പോകാൻ വഴി തുറന്നത്. പാസ്സ്‌പോർട്ട് ഇല്ലാത്തവർക്ക് മടങ്ങാൻ എംബസ്സിയുടെ ഔട്ട്പാസ് വേണമായിരുന്നു. നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ അപേക്ഷയെത്തുടർന്ന് എംബസ്സി ഉദ്യോഗസ്ഥർ അവർക്കൊപ്പം വനിതാ അഭയകേന്ദ്രം നേരിട്ട് സന്ദർശിച്ച്, അത്തരക്കാർക്ക് ഔട്ട്പാസ്സ് നൽകി.

Share this story