ദമ്പതികള്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തിയതെന്ന് സംശയം

വടക്കാഞ്ചേരി: യുവദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ടക്കുളങ്ങരയിലാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്. വാലുമേല്‍പറമ്പില്‍ സുരാജ് (36), ഭാര്യ പുത്തൂര്‍ സ്വദേശിനി സൗമ്യ (30) എന്നിവരെയാണ് നെല്ലിക്കുന്ന് കോളനിയിലെ വാടകവീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടത്. സാമ്പത്തികപ്രയാസമാണ് മരണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

കുമരനെല്ലൂരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവന്നിരുന്ന സുരാജിനെ തിങ്കളാഴ്ച രാവിലെ അയല്‍ക്കാര്‍ കണ്ടിരുന്നു. രാവിലെ എട്ടിനുശേഷം വീടിനുള്ളില്‍ പുക ഉയരുന്നതു കണ്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു. വീടിനുള്ളിലെ ഗൃഹോപകരണങ്ങളും കത്തിനശിച്ചു. കന്നാസില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയും വീടിനുള്ളില്‍നിന്ന് കണ്ടെത്തി.

രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇവരുടെ ഏകമകള്‍ നിവ്യ, സുരാജിന്റെ അമ്മ സുമതിക്കൊപ്പമാണ് സ്ഥിരതാമസം. ആക്ട്സിന്റെ സജീവപ്രവര്‍ത്തകനായിരുന്ന സുരാജ് നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു. ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ മന്ത്രി എ.സി. മൊയ്തീന്‍ വസതിയിലെത്തി.

Share this story