തിരുവനന്തപുരം ആര്‍.സി.സി യില്‍ ചികിത്സയ്ക്കിടയില്‍ രക്തം സ്വീകരിച്ച ഒമ്പതുവയസുകാരി ക്ക് എച്ച്‌ഐവി ബാധിച്ചു

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ നിന്നും ചികിത്സയ്ക്കിടയില്‍ രക്തം സ്വീകരിച്ച ഒമ്പതുവയസുകാരി പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചതായി ആരോപണം. പെണ്‍കുട്ടിയുടെ കുടുംബമാണ് ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കളുടെ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു . ആലപ്പുഴയില്‍ നിന്നുള്ള കുടുംബമാണ് പരാതി നൽകിയത് .
ഗുരുതരമായ കൃത്യവിലോപത്തിന് ആര്‍സിസി ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കണ്ണിന് ബാധിച്ച അസുഖത്തിനുള്ള ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി രക്തം പരിശോധിച്ചപ്പോഴാണ് കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടാമത് രക്തം പരിശോധിച്ച് എച്ച്‌ഐവി ബാധിച്ചതായി ഉറപ്പാക്കുകയായിരുന്നു. അതിന് ശേഷമാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ ചികിത്സയുടെ ഭാഗമായി ആര്‍സിസിയില്‍ നിന്നും രക്തം സ്വീകരിച്ചത് മാത്രമാണ് രോഗകാരണമെന്നും അവര്‍ ആരോപിക്കുന്നു.
എന്നാല്‍ അന്വേഷണം ആരംഭഘട്ടത്തിലാണെന്നും ഇപ്പോള്‍ കുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ സ്ഥിരികരിക്കത്തക്ക സൂചനകളൊന്നും ലഭ്യമല്ലെന്നുമാണ് മെഡിക്കല്‍ കോളേജ് എസ്‌ഐ ഡി ഗിരിലാല്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഈ മാര്‍ച്ചില്‍ ആര്‍സിസിയില്‍ കുട്ടിയെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് മറ്റ് ചില ആശുപത്രികളിലും ചികിത്സിച്ചിരുന്നതായും മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ കുട്ടിക്ക് തുടര്‍ച്ചയായ ചികിത്സ ആവശ്യമായിരുന്നതിനാല്‍ എപ്പോഴും നിരീക്ഷണത്തിലും പരിശോധനകളിലും ആയിരുന്നുവെന്നും ആര്‍സിസിയില്‍ ചികിത്സ ലഭ്യമാക്കുന്നതുവരെ എച്ച്‌ഐവിയുടെ ലക്ഷണങ്ങള്‍ കണ്ടിട്ടില്ലെന്നുമാണ് രക്ഷകര്‍ത്താക്കള്‍ വാദിക്കുന്നത്. നടപടിക്രമത്തിന്റെ ഭാഗമായി ഫോറന്‍സിക് വിദഗ്ധരുടെ ഉപദേശം തേടുമെന്നും പിന്നീടത് മെഡിക്കല്‍ ബോര്‍ഡിനെ അറിയിക്കുമെന്നും കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ എ പ്രമോദ് കുമാര്‍ പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കാന്‍ ആര്‍സിസി അധികൃതര്‍ തയ്യാറായിട്ടില്ല.

Share this story