ജൂലി-2 തെന്നിന്ത്യന്‍ താര റാണി നഗ്മയുടെ കഥയോ?

റായ് ലക്ഷ്മി ടൈറ്റില്‍ റോളിലെത്തുന്ന ജൂലി-2 ഒരു പ്രമുഖ അഭിനേത്രിയുടെ കഥയെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഗ്ലാമറിന്റെ അതിപ്രസരം കൊണ്ട് ശ്രദ്ധേയമായ ചിത്രം 1990കള്‍ക്കും 2000 ത്തിനുമിടയില്‍ ചലച്ചിത്രമേഖലയില്‍ ഉണ്ടായിരുന്ന ഒരു അഭിനേത്രിയുടെ കഥയാണ് എന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. ഈ നടിയെ കുറിച്ചുള്ള സൂചനകളും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. ബോളിവുഡ് സിനിമയിലെ ഖാന്‍ ത്രയങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അവരിലൊരാള്‍ക്കൊപ്പമാണ് ആ നടി തുടക്കം കുറിച്ചത്. തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടത്, എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ ഇത് തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ആരാധകരുടെ മനം കവര്‍ന്ന നഗ്മയാണിതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ബാഗിയിലൂടെയാണ് നഗ്മ അഭിനയരംഗത്ത് എത്തുന്നത്. എന്നാല്‍ എന്നാല്‍ സിനിമയുടെ കഥയെകുറിച്ചറിയില്ലെന്നാണ് നഗ്മ ഇതിനോടു പ്രതികരിച്ചത്. സിനിമ ശ്രദ്ധിക്കപ്പെടാനുള്ള അണിയറക്കാരുടെ തന്ത്രമാണിതെന്നും, സിനിമയുടെ റിലീസിനു ശേഷം പ്രതികരിക്കാമെന്നും താരം വ്യക്തമാക്കി. മലയാളത്തില്‍ ശ്രീകൃഷ്ണ പുരത്തെ നക്ഷത്രത്തിളക്കം ചതുരംഗം എന്നീ ചിത്രങ്ങളിലും നഗ്മ അഭിനയിച്ചിരുന്നു. സിനിമയില്‍ താരമാവാന്‍ വേണ്ടി സംവിധായകര്‍ക്കു വഴങ്ങേണ്ടി വരുന്ന പെണ്‍കുട്ടിയുടെ കഥയാണ് ജൂലി-2 പറയുന്നത്.

Share this story