ചോദ്യം ചെയ്യലിനായി വിളിപ്പിച്ച യുവാവിനെ വനിതാ സബ് ഇന്‍സ്‌പെക്ടര്‍ വസ്ത്രങ്ങള്‍ അഴിച്ച് മാറ്റിയശേഷം ക്രൂരമായി മര്‍ദ്ദിച്ചു

ഹുബ്ലി :ചോദ്യം ചെയ്യലിനായി വിളിപ്പിച്ച യുവാവിനെ വനിതാ സബ് ഇന്‍സ്‌പെക്ടര്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് മാരകമായി മര്‍ദ്ദിച്ചു. കര്‍ണ്ണാടകയിലെ ബൈല്‍ഗാം ജില്ലയിലെ ചിക്കോടി താലൂക്കിലാണ്ഈ പൊലീസ് പീഡനം അരങ്ങേറിയത് .

ബസ്‌വേശ്വര പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ രോഹിണി പാട്ടിലാണ് വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുന്ന രാജു എന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഹൂബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയില്‍ ലൈന്‍മാനായാണ് രാജു ജോലി ചെയ്യുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് സതീഷ് പാട്ടില്‍ എന്ന ലൈന്‍മാന്‍ ജോലി ചെയ്യുന്നതിനിടെ ഇലക്ട്രിക്ക് പോസ്റ്റില്‍ നിന്നും ഷോക്കടിച്ച് മരിച്ചിരുന്നു.

ഈ സംഭവത്തില്‍ ചോദ്യം ചെയ്യാനാണ് വൈദ്യുതി വകുപ്പിലെ ഓഫീസറായ മീരജെയും രാജുവിനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇവിടെ വെച്ചാണ് ചോദ്യം ചെയ്യലെന്ന വ്യാജേന രാജുവിനെ മാത്രം വസ്ത്രങ്ങള്‍ അഴിച്ച് മാറ്റി മര്‍ദ്ദിക്കാന്‍ ആരംഭിച്ചത്. സംഭവം വിവാദമായെങ്കിലും വിഷയത്തില്‍ തൃപ്തമായ മറുപടി നല്‍കാന്‍ രോഹിണി പാട്ടില്‍ ഇതുവരെ തയ്യാറായിട്ടില്ല.

Share this story