കാമുകന്‍ കൊല്ലപ്പെട്ട് രണ്ട് മാസം കഴിയുന്നതിന് മുന്‍പെ പെണ്‍കുട്ടിയെയും മരിച്ച് നിലയില്‍ കണ്ടെത്തി ;സംഭവത്തില്‍ ദുരൂഹത

ധന്‍ബാദ് :കാമുകന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട് രണ്ട് മാസം കഴിയുന്നതിന് മുന്നെ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ധന്‍ബാദ് സ്വദേശിനി ഖുശ്ബുവിനെയാണ് വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 16 ന് ഖുശ്ബു കാമുകനായ യോഗേഷുമായി വീട് വിട്ട് ഒളിച്ചോടിയിരുന്നു. ഇരുവരും അയല്‍ക്കാരായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഖുശ്ബുവിന്റെ വീട്ടുകാര്‍ ഇവരെ റാഞ്ചിയില്‍ വെച്ച് കണ്ടെത്തുകയും പെണ്‍കുട്ടിയെ വീട്ടില്‍ മടക്കി കൊണ്ടു വരുകയും ചെയ്തു.പിറ്റെ ദിവസം രാവിലെയാണ് യോഗേഷിനെ റെയില്‍ പാളത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഖുശ്ബുവിന്റെ അച്ഛനും അമ്മാവനും ഇപ്പോള്‍ ജയിലിലാണ്. യോഗേഷിന്റെ മരണശേഷം പെണ്‍കുട്ടി കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു.

ബുധനാഴ്ചയാണ് വീട്ടിലെ അടുക്കളയില്‍ പെണ്‍കുട്ടിയെ തീ കൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടത്. പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Share this story